Monday, December 23, 2024
HomeWorldഅദാനിക്കെതിരായ തൊഴിലാളി പ്രക്ഷോഭം; മുട്ടുമടക്കി കെനിയന്‍ ഭരണകൂടം

അദാനിക്കെതിരായ തൊഴിലാളി പ്രക്ഷോഭം; മുട്ടുമടക്കി കെനിയന്‍ ഭരണകൂടം

നെയ്‌റോബി: രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാനുള്ള ഇന്ത്യൻ മൾട്ടി ബില്യണയർ ഗൗതം അദാനിയുടെ നീക്കത്തിനെതിരെ കെനിയൻ വ്യോമയാന തൊഴിലാളികൾ നടത്തിയ പ്രതിഷേധം ഫലം കണ്ടു. അദാനി ഗ്രൂപ്പി​ന്‍റെ ആസൂത്രിത കരാറിനെതിരെ കെനിയ ഏവിയേഷൻ വർക്കേഴ്‌സ് യൂനിയൻ നടത്തിയ പ്രതിഷേധം, യൂനിയ​ന്‍റെ അനുമതിയോടെ മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകൂ എന്ന് സർക്കാർ ഉറപ്പുനൽകിയതിനെ തുടർന്ന് അവസാനിപ്പിച്ചു.

പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ 10 ദിവസത്തിനകം പരിശോധിക്കാൻ സർക്കാരും കെനിയ ഏവിയേഷൻ വർക്കേഴ്സ് യൂനിയനും ധാരണയായിട്ടുണ്ടെന്നും ഏതെങ്കിലും കരാറിൽ മുന്നോട്ടുപോകുകയാണെങ്കിൽ യൂനിയൻ അത് അംഗീകരിക്കണമെന്നും സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ട്രേഡ് യൂണിയ​ന്‍റെ സെക്രട്ടറി ജനറൽ ഫ്രാൻസിസ് അത്വോലി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അദാനിയുടെ കടന്നുകയറ്റം തൊഴില്‍ നഷ്ടത്തിനും അനുകൂലമല്ലാത്ത നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൊഴിലാളികള്‍ സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്. അദാനി രാജ്യം വിടണമെന്ന് മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് വ്യാഴാഴ്ച സര്‍ക്കാറിനെതിരെ തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ലാത്തി ചാർജ് നടത്തി. അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കത്തെ കെനിയ ഹൈകോടതി താത്കാലികമായി സ്റ്റേ ചെയ്തതായാണ് റിപ്പോർട്ട്.

അതേസമയം, വിമാനത്താവളം പൂര്‍ണമായും അദാനിക്ക് കൈമാറാനല്ല, പകരം എയര്‍പോര്‍ട്ട് നവീകരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സർക്കാർ വാദം. നിലവില്‍ അദാനിയുമായുള്ള കരാറുമായി മുന്നോട്ടുപോകുന്നതില്‍ ഔദ്യോഗിക തീരുമാനമുണ്ടായിട്ടില്ലെന്ന് കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിനും അദാനി ഗ്രൂപ്പിനുമെതിരെ പ്രതിഷേധിച്ച വ്യോമയാന തൊഴിലാളികള്‍ക്കെതിരെ ശിക്ഷ നടപടികള്‍ സ്വീകരിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തങ്ങള്‍ക്കെതിരായ കെനിയന്‍ തൊഴിലാളികളുടെ പ്രതിഷേധത്തില്‍ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനുമുമ്പ് മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലും ശ്രീലങ്കയിലും ഉള്‍പ്പെടെ അദാനിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. 2022ല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനിരുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെയാണ് ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം നടന്നത്. നേരത്തെ വിയറ്റ്‌നാമിലെ രണ്ട് വിമാനത്താവളത്തില്‍ നിക്ഷേപം നടത്താനുള്ള ശ്രമങ്ങള്‍ അദാനി ഗ്രൂപ്പ് നടത്തുന്നതായി വിയറ്റ്‌നാം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments