ന്യൂയോർക്ക്: സെർച്ച് ഭീമനായ ഗൂഗ്ളിന്റെ തലപ്പത്ത് വൻ മാറ്റം. കമ്പനിയിൽ ദീർഘകാലമായി സെർച്ച് ആന്റ് ആഡ്സ് മേധാവിയായിരുന്ന പ്രഭാകർ രാഘവനെ(64) ചീഫ് ടെക്നോളജിസ്റ്റായി നിയമിച്ചു. പുതിയ മാറ്റം സംബന്ധിച്ച് ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചൈ ജീവനക്കാർക്ക് മെമ്മോ അയച്ചു. കരിയറിൽ വലിയ കുതിപ്പ് നടത്താനുള്ള സമയമാണിതെന്ന് പ്രഭാകർ തീരുമാനിച്ചു. പുതിയ റോളിൽ അദ്ദേഹം എനിക്കൊപ്പമുണ്ടാകും. -എന്നാണ് നേതൃമാറ്റത്തെ കുറിച്ച് സുന്ദർ പിച്ചൈ ബ്ലോഗിൽ കുറിച്ചത്.
ഇന്ത്യക്കാരനായ പ്രഭാകർ രാഘവൻ 2021ലാണ് ഗൂഗ്ളിലെത്തിയത്. യാഹൂവിൽ നിന്നായിരുന്നു ഗൂഗ്ളിലേക്ക് വന്നത്. ഗൂഗ്ൾ ആപ്സ്, ഗൂഗ്ൾ ക്ലൗഡ്,മാനേജിങ് എൻജിനീയറിങ്, പ്രോഡക്റ്റ്സ്,യൂസർ എക്സ്പീരിയൻസ് എന്നിവയുടെ മേൽനോട്ടമായിരുന്നു ഇദ്ദേഹത്തിന്. അതിനു ശേഷം ജിമെയിൽ ടീമിന് നേതൃത്വം നൽകി. മുൻകാലത്തെ എ.ഐ പ്രോഡക്റ്റുകളായ സ്മാർട്ട് റിെപ്ലെ, സ്മാർട്ട് കംപോസ് എന്നിവക്കും നേതൃത്വം നൽകി. ജിമെയിലും ഡ്രൈവും ബില്യൺ യൂസേഴ്സിനെയാണ് സ്വന്തമാക്കിയത്. 2018ൽ അദ്ദേഹം ഗൂഗ്ൾ സെർച്ചിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റു.
നിക്ക് ഫോക്സാണ് പുതിയ സെർച്ച് മേധാവി. രാഘവന്റെ കീഴിൽ കുറെ കാലം പ്രവർത്തിച്ച പരിചയമുണ്ട് നിക്കിന്. സെർച്ച്, പരസ്യങ്ങൾ, വാണിജ്യ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗൂഗ്ളിന്റെ നോളജ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തെ നയിക്കുക നിക്ക് ആയിരിക്കും. 2003 മുതൽ ഗൂഗ്ളിലുണ്ട് ഇദ്ദേഹം. അടുത്തിടെ കമ്പനി ഉൽപ്പന്നങ്ങളുടെയും ഡിസൈനിന്റെയും വൈസ്പ്രസിഡന്റായാണ് പ്രവർത്തിച്ചത്. നേരത്തേ ഗൂഗ്ളിന്റെ ബിസിനസ് യൂനിറ്റിലും ജോലി ചെയ്തു. കുറച്ചു വർഷങ്ങളായി ഗൂഗ്ളിന്റെ എ.ഐ ഉൽപ്പന്നങ്ങളുടെ റോഡ്മാപ്പ് രൂപപ്പെടുത്തുന്നതിൽ പ്രഭാകറുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തു.
എ.ഐ മത്സരത്തിനിടെ കൂടുതൽ വേഗത്തിൽ നീങ്ങാൻ ഗൂഗ്ൾ ജീവനക്കാരെ പുനഃസംഘടിപ്പിക്കുന്നതിനിടയിലാണ് നേതൃതലത്തിലെ മാറ്റം എന്നതും ശ്രദ്ധേയമാണ്. മൈക്രോസോഫ്റ്റ്, ഓപൺ എ.ഐ, സ്റ്റാർട്ടപ്പുകളായ പെർപ്ലെക്സിറ്റി എന്നിവയിൽ നിന്നും ഗൂഗ്ൾ കടുത്ത മത്സരമാണ് നേരിടുന്നത്.
Congrats And Good Wishes To Prabhakar Raghavan 🌹🙏
Keep it up!
Keep going.
All the best. 🌹🙏