ടെൽ അവീവ്: ഹമാസ് തലവൻ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ആയുധം ഉപേക്ഷിച്ച് മടങ്ങാൻ സമ്മതിച്ചാൽ യുദ്ധം ഉടൻ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എക്‌സിൽ പങ്കിട്ട വീഡിയോയിലൂടെയായിരുന്നു നെതന്യാഹുവിൻറെ പ്രതികരണം.
“യഹ്‌യ സിൻവാർ മരിച്ചു. ഇസ്രായേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാൽ റാഫയിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. ഗാസയിലെ യുദ്ധത്തിൻ്റെ അവസാനമല്ല ഇത്, അവസാനത്തിൻ്റെ തുടക്കമാണ്. ഗാസയിലെ ജനങ്ങളേ, എനിക്ക് ഒരു സന്ദേശമുണ്ട്, ഈ യുദ്ധം നാളെ അവസാനിച്ചേക്കാം. ഹമാസ് ആയുധം താഴെ വെച്ച് നമ്മുടെ ബന്ദികളെ തിരിച്ചയച്ചാൽ ഈ യുദ്ധം നാളെ അവസാനിക്കും”, നെതന്യാഹു പറഞ്ഞു.
ഹമാസ് തലവൻ യഹ്‌യ സിൻവർ കൊല്ലപ്പെട്ടതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഗാസയിൽ നടത്തിയ ഏറ്റുമുട്ടലിൽ യഹ്‌യ കൊല്ലപ്പെട്ടു എന്നായിരുന്നു ഐഡിഎഫ് വ്യക്തമാക്കിയത്. ഡിഎൻഎ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് യഹിയ തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നും ഐഡിഎഫ് വൃത്തങ്ങൾ പറഞ്ഞിരുന്നു. യഹ്‌യയുടെ മരണം വലിയ നേട്ടമെന്നായിരുന്നു ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്‌സ് പറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴായിരുന്നു യഹ്‌യ സിൻവർ ഹമാസ് തലവനായത്. ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ യഹ്‌യ ആയിരുന്നു.