ബാങ്കോക്ക്: ചൂതാടാനുള്ള പണം കണ്ടെത്താനായി ഉറ്റ സുഹൃത്ത് അടക്കം പന്ത്രണ്ടിലേറെ പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. തായ്ലാൻഡിനെ പിടിച്ചുലച്ച സീരീയൽ കൊലപാതകകേസിലാണ് തായ്ലാൻഡിലെ ബാങ്കോക്ക് കോടതിയുടെ വിധി എത്തുന്നത്. സയനൈഡ് കൊലപാതകത്തിൽ കോടതിയിൽ നിന്നുണ്ടാകുന്ന ആദ്യ വിധിയാണ് ഇത്. സരാരത്ത് രംഗ്സിവുതാപോൺ ഉറ്റ ചങ്ങാതിയെ കഴിഞ്ഞ വർഷമാണ് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ സുഹൃത്തിന്റെ നാല് ലക്ഷത്തിലേറെ വില വരുന്ന സ്ഥലവും ഇവർ സ്വന്തമാക്കിയിരുന്നു. കടം നൽകിയ പണം തിരികെ ചോദിച്ചതിനായിരുന്നു ഈ കൊലപാതകം.
ചൂതാട്ടത്തിന് അടിമയായിരുന്ന യുവതി കടം വീട്ടാനുള്ള പണം കണ്ടെത്താനായാണ് കൊലപാതകവും മോഷണവും നടത്തിയിരുന്നത്. മൂന്ന് മണിക്കൂറിലേറെ നടന്ന വിചാരണയ്ക്ക് ഒടുവിലാണ് ബാങ്കോക്ക് കോടതി ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായ മുൻ ഭർത്താവുമായുള്ള ബന്ധത്തേ തുടർന്നാണ് കേസിന് രാജ്യമാകെ ശ്രദ്ധ നേടിയത്. സുഹൃത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ ഇവരെ കഴിഞ്ഞ മേയ് മാസത്തിൽ അറസ്റ്റ് ചെയ്യുമ്പോൾ ഇവർ ഗർഭിണിയായിരുന്നു. വലിയ രീതിയിൽ ചർച്ചയായതോടെയാണ് ഇവരുമായി ബന്ധപ്പെട്ട അസാധാരണ സാഹചര്യത്തിൽ മരണപ്പെട്ടവരുടെ കേസുകളും പൊലീസ് അരിച്ച് പെറുക്കിയത്. സിരിപോൺ ഖാൻവോംഗ് എന്ന യുവതിയെയാണ് സരാരത്ത് അവസാനമായി കൊലപ്പെടുത്തിയത്. സിരിപോണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ശരീരത്തിലെ സയനൈഡ് സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സരാരത്തിനൊപ്പം ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തതിന് പിന്നാലെ മരണപ്പെട്ടവരുടെ കേസുകൾ പൊലീസ് അന്വേഷിച്ചത്.
ഇതിനിടെ സരാരത്ത് വിഷം നൽകിയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ട ഒരു യുവതി സരാരത്തിനെതിരെ മൊഴി നൽകിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ മുൻ ഭർത്താവുമായി മികച്ച ബന്ധം സൂക്ഷിക്കുന്നതിനാലാണ് സംഭവത്തേക്കുറിച്ച് പരാതിപ്പെടാൻ പോലും ശ്രമിക്കാതിരുന്നതെന്നും ഇവർ പൊലീസിന് മൊഴി നൽകിയത്. കൊലപാതകം, ഗൂഡാലോചന, കൊള്ളയടിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് സരാരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണയിൽ ഒരിക്കൽ പോലും മൊഴി നൽകാനോ കുറ്റസമ്മതം നടത്താനോ സരാരത്ത് തയ്യാറായിരുന്നില്ല.
കോടതി വിധി പ്രഖ്യാപിക്കുന്ന സമയത്ത് ഇരകളുടെ ബന്ധുക്കൾ വിങ്ങിപ്പൊട്ടുമ്പോൾ കൂസലില്ലാതെ കോടതിയിൽ നിൽക്കുകയായിരുന്നു യുവതി ചെയ്തത്. വിചാരണയിൽ ഉടനീളം അഭിഭാഷകരോട് ചിരിച്ച് സംസാരിച്ചാണ് സരാരത്ത് കോടതിയിൽ പെരുമാറിയത്. സരാരത്തിന്റെ മുൻ ഭർത്താവിനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. സരാരത്തിനെതിരായ തെളിവുകൾ നശിപ്പിക്കാൻ പ്രോസിക്യൂട്ടറെ സമീപിച്ചതിനാണ് യുവതിയുടെ മുൻ ഭർത്താവിന് ഒന്നര വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.