തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ് ആപ് ഗ്രൂപ് രൂപവത്‌കരിച്ച സംഭവത്തിൽ നിലവിൽ സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്‌ണനെതിരെ പ്രാഥമികാന്വേഷണം. തിരുവനന്തപുരം സിറ്റി നാര്‍കോട്ടിക് സെല്‍ എ.സി.പിക്കാണ് അന്വേഷണച്ചുമതല. അന്വേഷണശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചെങ്കിലും വ്യക്‌തതക്കുറവ് കാരണമാണ് പ്രാഥമികാന്വേഷണം നടത്താൻ തീരുമാനിച്ചത്.
മതപരമായ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കാമെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്ക് ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ നൽകിയ നിയമോപദേശം. എന്നാല്‍, പൊലീസ് രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയാണ് നിയമോപദേശമെന്ന നിലപാടിലാണ് പൊലീസ്.
വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദം വന്നപ്പോൾ തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, പൊലീസ് അന്വേഷണത്തിലും ഫോറൻസിക് പരിശോധനയിലും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്താണ് പൊലീസിന് കൈമാറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. ആദ്യം നടത്തിയത് അനൗദ്യോഗിക അന്വേഷണമായതിനാലാണ് പൊലീസ് നിയമോപദേശം തേടിയത്.