Sunday, December 22, 2024
HomeSportsചെസ് ഒളിംപ്യാഡിൽ ചരിത്രമെഴുതി ഇന്ത്യയ്ക്ക് ഇരട്ടസ്വർണം; ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചാംപ്യൻമാർ

ചെസ് ഒളിംപ്യാഡിൽ ചരിത്രമെഴുതി ഇന്ത്യയ്ക്ക് ഇരട്ടസ്വർണം; ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചാംപ്യൻമാർ

ബുഡാപെസ്റ്റ്(ഹംഗറി)∙ ലോക ചെസ് ഒളിംപ്യാഡിൽ ചരിത്രമെഴുതി ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. ഹംഗറിയിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിൽ ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമാണ് ഇന്ത്യ സ്വർണം നേടിയത്. ഇന്ന് നടന്ന ആവേശപ്പോരാട്ടത്തിൽ അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം. പിന്നാലെ വനിതാ വിഭാഗത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ചും സ്വർണം നേടി.

ഓപ്പൺ വിഭാഗത്തിൽ ചരിത്രനേട്ടത്തിന്റെ വക്കിലായിരുന്ന ഇന്ത്യ, ലോക മൂന്നാം നമ്പർ താരം അർജുൻ എരിഗാസി സ്ലൊവേനിയൻ താരം യാൻ സുബെൽജിനെ തോൽപ്പിച്ചതോടെയാണ് സ്വർണം ഉറപ്പാക്കിയത്. ഡി.ഗുകേഷ് വ്ലാഡിമിർ ഫെഡോസീവിനെതിരെയും, ആർ. പ്രഗ്നാനന്ദ ആന്റൺ ഡെംചെങ്കോയ്ക്കെതിരെയും നേടിയ വിജയങ്ങളും ഇന്ത്യയുടെ ചരിത്രക്കുതിപ്പിൽ നിർണായകമായി.

വനിതാ വിഭാഗത്തിൽ അസർബൈജാനെതിരെ 3.5– 0.5 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. വനിതകളിൽ ഡി.ഹരിക, വന്തിക, ദിവ്യ ദേശ്മുഖ് എന്നിവർ ജയിച്ചു കയറിയപ്പോൾ, ആർ.വൈശാലി സമനില പിടിച്ചു.

ഓപ്പൺ വിഭാഗത്തിൽ എട്ടു വിജയങ്ങളുമായി കുതിച്ച ഇന്ത്യ, നിലവിലെ ചാംപ്യൻമാരായ ഉസ്ബെക്കിസ്ഥാനോടാണ് ആദ്യമായി സമനില വഴങ്ങിയത്. പിന്നാലെ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ച് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. ഒടുവിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ചരിത്രനേട്ടവും സ്വന്തമാക്കി. 2022, 2014 ചെസ് ഒളിംപ്യാഡുകളിൽ സ്വന്തമാക്കിയ വെങ്കലമായിരുന്നു ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

നേരത്തെ, ഓപ്പൺ വിഭാഗം പത്താം റൗണ്ടിൽ ഇന്ത്യ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ചിരുന്നു (2.5–1.5). ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ, വെസ്‌ലി സോയോടു തോറ്റെങ്കിലും ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഡി.ഗുകേഷും ഡൊമിനിഗസ് പെരെസ് ലിനിയറിനെ തോൽപിച്ച് അർജുൻ എരിഗാസിയും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വിദിത് ഗുജറാത്തി–ലെവൻ അരോണിയൻ മത്സരം സമനിലയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments