ലണ്ടൻ: പരമ്പരാഗത-നൂതന ദൃശ്യകലകളുടെ സങ്കലനംകൊണ്ട് അതിശയത്തിൻറെ പുതിയ മാനങ്ങൾ സൃഷ്ടിച്ച ‘ലണ്ടൻ ഓണം 2024’ യുകെയിലെ ഓണാഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി. നോർത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സ് (NWDL) എന്ന യുവജനകൂട്ടയ്മ ഒരുക്കിയ സംഗീത-ദൃശ്യ-കലാ-കായിക വിരുന്നിൽ രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നെത്തിയ 120 കലാകാരും 850-ഇൽ പരം ആസ്വാദകരും പങ്കെടുത്തു.
വർഷങ്ങളായി യു കെ യിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മ എന്നും പുതുമകൾ കൊണ്ട് വ്യത്യസ്തരാകുന്നവരാണ്.‘ഓണചരിതം – The Harvest of Happiness’ നൂതന audio-visual സാങ്കേതികതകൾ ഉപയോഗിച്ചു ഓണത്തിന്റെ ഐതീഹ്യം പുതു തലമുറയിലേക്ക് എത്തിച്ച മലയാളത്തിൽ ചിട്ടപ്പെടുത്തിയ ആദ്യ മ്യൂസിക്കൽ ആയിമാറി. വെസ്റ്റ് എൻഡ് ഷോകളെ അനുസ്മരിപ്പിക്കും വിധം അരങ്ങേറിയ ഈ ദൃശ്യാവിഷ്കാരം പ്രേക്ഷകർക്ക് ഒരുന്യൂനതന ദൃശ്യ – ശ്രാവ്യ അനുഭവം സമ്മാനിച്ചു.
ഓട്ടം തുള്ളൽ, കഥകളി, മോഹിനിയാട്ടം, പല തരം ക്ലാസിക്കൽ നൃത്യനാട്യങ്ങൾ എന്നിവയോടൊപ്പം പുത്തൻ തലമുറയുടെ ചടുലതലകൾ നിറഞ്ഞ ആട്ടവും പാട്ടും ഫാഷൻ ഷോയും എല്ലാമായി ഓണത്തിന്റെ ഐതീഹ്യവും പുതുമകളും പുതു തലമുറയിലേക്ക് എത്തിക്കാനായതിന്റെ വിജയാഹ്‌ളാദത്തിലാണ് സംഘാടകർ ഇപ്പോൾ.