ഹോങ്കോംഗ്: പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടീ ഷർട്ട് ധരിച്ചതിന് രാജ്യദ്രോഹക്കുറ്റം സമ്മതിച്ച ഹോങ്കോങ് പൗരന് തടവുശിക്ഷ. ഇതോടെ കഴിഞ്ഞ മാർച്ചിൽ പാസാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യത്തെ വ്യക്തിയായി 27 കാരനായ ചു കൈ പോങ്.
രാജ്യദ്രോഹപരമായ ഉദ്ദേശ്യത്തോടെയുള്ള ഒരു പ്രവൃത്തി ചെയ്തതായി പോങ് സമ്മതിച്ചു. പുതിയ നിയമപ്രകാരം കുറ്റകൃത്യത്തിനുള്ള പരമാവധി ശിക്ഷ രണ്ട് വർഷത്തിൽനിന്ന് ഏഴ് വർഷമായി വിപുലീകരിച്ചിട്ടുണ്ട്. കൂടാതെ ‘വിദേശ ശക്തികളുമായുള്ള ഒത്തുകളി’ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് 10 വർഷം വരെയാകും. ജൂൺ 12ന് എം.ടി.ആർ സ്റ്റേഷനിൽ വെച്ച് ‘ഹോങ്കോങ്ങിനെ വിമോചിപ്പിക്കുക; നമ്മുടെ കാലത്തെ വിപ്ലവം’ എന്ന മുദ്രാവാക്യമെഴുതിയ ടീഷർട്ടും ‘അഞ്ച് ആവശ്യങ്ങൾ, ഒന്നിൽ കുറയാത്തത്’ എന്നതിന്റെ ചുരുക്ക രൂപമായ ‘FDNOL’ എന്ന് അച്ചടിച്ച മഞ്ഞ മാസ്കും ധരിച്ചതിനാണ് ചു കൈ പോങ്ങിനെ അറസ്റ്റ് ചെയ്തത്.
2019ലെ ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങളിൽ ഈ രണ്ട് മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. മാസങ്ങൾ നീണ്ട അശാന്തിയുടെ പ്രധാന ദിവസമായിരുന്ന ജൂൺ 12ന് പ്രതിഷേധത്തെക്കുറിച്ച് ആളുകളെ ഓർമിപ്പിക്കാനാണ് താൻ ടീ ഷർട്ട് ധരിച്ചതെന്ന് ചു പോലീസിനോട് പറഞ്ഞു. ദേശീയ സുരക്ഷാ കേസുകൾ കേൾക്കാൻ സിറ്റി നേതാവ് ജോൺ ലീ തിരഞ്ഞെടുത്ത ചീഫ് മജിസ്‌ട്രേറ്റ് വിക്ടർ സോ ശിക്ഷ വിധിക്കുന്നതിനായി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.
‘ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ’ എന്ന വാക്യത്തിന് കീഴിൽ, സംസാര സ്വാതന്ത്ര്യം ഉൾപ്പെടെയുള്ളവ ഉറപ്പ് നൽകുമെന്ന ചൈനയുടെ വാഗ്ദാനത്തിന് കീഴിലാണ് 1997ൽ ഹോങ്കോങ്ങിനെ ബ്രിട്ടനിൽനിന്ന് ചൈനയിലേക്ക് കൂട്ടിച്ചേർത്തത്. എന്നാൽ, ചൈന ഹോങ്കോങ്ങിനുമേൽ പിടിമുറുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ഇതിനെതെിരെ മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾ നടന്നു. ഇതെതുടർന്ന് 2020ൽ വിഘടനം, അട്ടിമറി, തീവ്രവാദം,വിദേശ ശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവക്ക് ജീവപര്യന്തംവരെ തടവുശിക്ഷ നൽകുന്ന ദേശീയ സുരക്ഷാ നിയമം ചൈന കൊണ്ടുവന്നു.
2024 മാർച്ചിൽ ചൈനീസ് നിയന്ത്രണത്തിലുള്ള ഹോങ്കോങ് രണ്ടാമത്തെ പുതിയ സുരക്ഷാ നിയമം പാസാക്കി. നഗരത്തിന്റെ ലഘു ഭരണഘടനയിലെ അടിസ്ഥാന നിയമമനുസരിച്ച് ‘ആർട്ടിക്കിൾ 23’ എന്നും ഇത് അറിയപ്പെട്ടു. യു.എസ് ഗവൺമെന്‍റ് ഉൾപ്പെടെയുള്ള ചൈനയുടെ വിമർശകർ പുതിയ സുരക്ഷാ നിയമത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ‘രാജ്യദ്രോഹം’ സംബന്ധിച്ച് അവ്യക്തമായി നിർവചിച്ചിരിക്കുന്ന വ്യവസ്ഥകൾ വിയോജിപ്പുകളെ അടിച്ചമർത്താൻ ഉപയോഗിക്കുമെന്നും കുറ്റപ്പെടുത്തിയിരുന്നു.