മലപ്പുറം: ജില്ലയിൽ നിപ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. കൂട്ടം കൂടുന്നത് പരമാവധി കുറയ്‌ക്കണം, സാമൂഹ്യ അകലം പാലിക്കണം. തിരുവാലിയിൽ തീയേറ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ പാടില്ല. വ്യാപാര സ്ഥാപനങ്ങൾ രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെ മാത്രം പ്രവർത്തിക്കാവൂ എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിലെ പൊതുയിടങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം. കല്യാണം, മരണാന്തര ചടങ്ങ് എന്നിവ ഉൾപ്പെടെ ഒഴിച്ചുകൂടാനാകാത്ത എല്ലാ പരിപാടികളിലും ആളുകളുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്നാണ് ജില്ലാ ഭരണകൂടം നിർദേശിക്കുന്നത്.
കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച തിരുവാലി പഞ്ചായത്തിലെ നാല് വാർഡുകളിലും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡിലും നിയന്ത്രണങ്ങൾ കർശനമാണ്. ഇവിടെയുള്ള അങ്കണവാടികൾ, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടച്ചിടണമെന്നാണ് നിർദേശം. നിലവിൽ 151 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ അഞ്ച് പേർക്ക് നിപ ലക്ഷണങ്ങളുണ്ട്.