ന്യൂഡൽഹി: യുറോപ്പിലെ വമ്പൻ വിമാനകമ്പനിയായ എയർബസ് വിമാനങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നത് മൂലം ആഗോളതലത്തിൽ 6000ത്തോളം വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്ന് സൂചന. എയർബസിന്റെ എ320 വിമാനങ്ങളാണ് നിലത്തിറക്കുന്നത്. ഇതുമൂലം വ്യാപകമായി വിമാനസർവീസുകൾ മുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളുടെ 350 സർവീസുകളെ എയർബസിന്റെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ബാധിക്കും.
55 വർഷത്തിനിടെ എയർബസ് നടത്തുന്ന ഏറ്റവും വലിയ തിരിച്ചു വിളിക്കലാണ് ഇത്. റിപ്പയർ സെന്ററുകളിൽ എത്തിച്ച് വിമാനങ്ങളുടെ അറ്റകൂറ്റപ്പണി നിർവഹിക്കേണ്ടി വരുമെന്നാണ് എയർബസ് അറിയിച്ചിരിക്കുന്നത്. അടിയന്തരമായി തന്നെ അറ്റകൂറ്റപ്പണി നടത്തണമെന്നും എയർബസ് വ്യക്തമാക്കിയിട്ടുണ്ട്. എയർബസിന്റെ വിമാനങ്ങളുടെ തിരിച്ചുവിളിക്കൽ മൂലം ഇന്ത്യയിലും സർവീസുകൾ മുടങ്ങും.
ഇന്ത്യയിൽ മൂന്ന് ദിവസത്തേക്കെങ്കിലും സർവീസുകളിൽ പ്രശ്നമുണ്ടാകുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയോടെ മാത്രമേ അറ്റകൂറ്റപ്പണി കഴിഞ്ഞ് മുഴുവൻ വിമാനങ്ങൾ തിരിച്ചെത്തുവെന്നും കമ്പനികൾ അറിയിച്ചുണ്ട്. വരും ദിവസങ്ങളിൽ സർവീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുതിയ എയർ ബസ് എ320 വിമാനങ്ങളിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് നടത്താൻ 30 മിനിറ്റ് സമയമെടുക്കും. എന്നാൽ, പഴയ ചില എ320 വിമാനങ്ങളിൽ ഹാർഡ്വെയറിൽ കൂടി ചില മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് എയർബസ് അറിയിച്ചിട്ടുണ്ട്. അങ്ങനെയുളള വിമാനങ്ങൾ തിരിച്ചെത്തൽ വീണ്ടും വൈകുമെന്നാണ് സൂചന.

