ഇന്ത്യൻ നാവികസേനയുടെ MH-60R ഹെലികോപ്റ്ററുകൾ നിലനിർത്തുന്നതിനും തദ്ദേശീയ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യ അമേരിക്കയുമായി ₹7,995 കോടിയുടെ കരാറിൽ ഒപ്പുവച്ചു. അഞ്ചുവർഷത്തെ സ്പെയർ പാർട്സ്, ടെക്നിക്കൽ സപ്പോർട്ട്, പരിശീലനം, റിപ്പയർ സൗകര്യങ്ങൾ തുടങ്ങി മുഴുവൻ പിന്തുണയും ഉൾപ്പെടുന്ന ‘സസ്റ്റെയിൻമെന്റ് പാക്കേജ്’ ആണ് കരാർ.
രാജ്യത്തിനുള്ളിൽ തന്നെ റിപ്പയർ, മെയിന്റനൻസ് സൗകര്യങ്ങൾ കൊണ്ടുവരുന്നതോടെ അമേരിക്കയിലുള്ള ആശ്രയത്വം കുറയും. ഇതിലൂടെ ഇന്ത്യൻ എംഎസ്എംഇകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പുതിയ അവസരങ്ങളും ലഭിക്കും. ആന്റി-സബ്‌മറിൻ യുദ്ധത്തിനും വിവിധ ദൗത്യങ്ങൾക്കും ഉപയോഗിക്കുന്ന ‘ഓൾ വേതർ’ MH-60R ഹെലികോപ്റ്ററുകളുടെ പ്രവർത്തനക്ഷമത ഈ കരാർ കൂടുതൽ ഉയർത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2020-ൽ ഇന്ത്യ 24 MH-60R സി ഹോക്കുകൾ വാങ്ങാൻ അമേരിക്കയുമായി കരാറിലേർപ്പെട്ടിരുന്നു. മുഴുവൻ ഹെലികോപ്റ്ററുകളും 2025-ഓടെ നാവികസേനയിൽ ചേരും. 2024 മാർച്ചിൽ ആദ്യ സ്ക്വാഡ്രൺ കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
ലോക്ക്ഹീഡിന്റെ വിവരങ്ങൾ പ്രകാരം, ഈ ഹെലികോപ്റ്ററുകളിൽ മൾട്ടി-മോഡ് റഡാർ, ഇലക്ട്രോണിക് സപ്പോർട്ട് സിസ്റ്റം, ഇൻഫ്രാറെഡ് ക്യാമറ, ഡാറ്റാലിങ്ക്, സ്വയംരക്ഷാ സംവിധാനങ്ങൾ, ഡിപ്പിംഗ് സോണാർ, സോണോബോയികൾ തുടങ്ങി ആധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

