അബുദാബി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ 6093 തടവുകാർക്ക് മാപ്പുനൽകി വിട്ടയയ്ക്കാൻ ഉത്തരവിട്ടു. അബുദാബി ജയിലുകളിൽ നിന്ന് 2937 പേരെ വിട്ടയയ്ക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
ദുബായിൽ നിന്ന് 2025 പേർക്ക് മാപ്പുനൽകി മോചിപ്പിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. ഷാർജയിൽനിന്ന് 366 പേരെയും അജ്മാനിൽ നിന്ന് 225 പേരെയും ഫുജൈറയിൽ നിന്ന് 129 പേരെയും റാസൽഖൈമയിൽ നിന്ന് 411 പേരെയും വിട്ടയയ്ക്കാൻ എമിറേറ്റ് ഭരണാധികാരികൾ ഉത്തരവിറക്കി.
സുപ്രീം കൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഫുജൈറ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷാർഖി, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരാണ് മോചന ഉത്തരവിറക്കിയത്. ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടെങ്കിലും എത്ര പേർ എന്നത് വെളിപ്പെടുത്തിയിട്ടില്ല.
തടവുകാലത്ത് നല്ല നടപ്പിനു വിധേയരായ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരെയാണ് മോചനത്തിന് തിരഞ്ഞെടുക്കുക. തെറ്റുകളിൽ പശ്ചാത്തപിച്ച് പുതിയൊരു ജീവിതം നയിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. മോചന ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ അതതു എമിറേറ്റുകളിലെ ജയിൽ അധികാരികൾക്ക് ഭരണാധികാരികൾ നിർദേശം നൽകി. ഇങ്ങനെ മോചിതരാകുന്നവരുടെ സാമ്പത്തിക ബാധ്യതകൾ (പിഴ) ഭരണാധികാരികൾ ഏറ്റെടുക്കുകയാണ് പതിവ്.

