ജറൂസലം: കഴിഞ്ഞദിവസം ഫലസ്തീൻ കൈമാറിയ രണ്ടു മൃതദേഹഭാഗങ്ങൾ ബന്ദികളുടേതല്ലെന്ന് ഇസ്രായേൽ. ആദ്യഘട്ട കൈമാറ്റത്തിന്റെ ഭാഗമായി ശേഷിക്കുന്ന രണ്ടു ബന്ദികളുടെ മൃതദേഹ ഭാഗങ്ങളാണ് കിട്ടാത്തതെന്നാണ് ഇസ്രായേൽ പറയുന്നത്. റാൻ ഗ്വിലി, സഡ്തിയാസ്ക് റിൻതലക് എന്നിവരുടെ മൃതദേഹ ഭാഗങ്ങളെന്നുപറഞ്ഞ് ഫലസ്തീൻ കൈമാറിയവ അവരുടേതല്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.
ഗസ്സയിൽ കുന്നുകൂടിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാലാണ് മൃതദേഹ ഭാഗങ്ങൾ കൃത്യമായി നൽകാനാവാത്തതെന്ന് ഫലസ്തീൻ അധികൃതർ വിശദീകരിച്ചു. യഥാർഥ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുന്നതിന് വടക്കൻ ഗസ്സയിൽ റെഡ് ക്രോസിന്റെ സഹായത്തോടെ വീണ്ടും തിരച്ചിൽ നടത്തുമെന്നും അവർ അറിയിച്ചു. വെടിനിർത്തൽ നിലവിൽവന്നശേഷം 20 ബന്ദികളെ വിട്ടയച്ച ഫലസ്തീൻ 26 ബന്ദികളുടെ മൃതദേഹ ഭാഗങ്ങൾ കൈമാറുകയും ചെയ്തു.
അതിനിടെ, ഗസ്സ വിടാനാഗ്രഹിക്കുന്ന ഫലസ്തീനികൾക്കായി ഈജിപ്തിലേക്കുള്ള അതിർത്തി കവാടമായ റഫ തുറന്നേക്കുമെന്ന് ഇസ്രായേൽ അധികൃതർ സൂചന നൽകി. യൂറോപ്യൻ യൂനിയൻ ദൗത്യസംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും ഇതെന്നാണ് റിപ്പോർട്ട്.

