വാഷിങ്ടൺ: യു.എസ് നാടുകടത്തുന്ന ഇന്ത്യക്കാരെ താൽക്കാലികമായി പാർപ്പിക്കാൻ തയാറാണെന്ന് കോസ്റ്റ റീക്ക. സ്വന്തം രാജ്യത്തേക്ക് പോകുന്നത് വരെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടയേറ്റക്കാരെ തടങ്കൽപാളയങ്ങളിൽ പാർപ്പിക്കാൻ തയാറാണെന്നാണ് കോസ്റ്റ റീക്ക അറിയിച്ചിരിക്കുന്നത്.
ഇതുവരെ മൂന്ന് വിമാനങ്ങളിൽ അഭയാർഥികളെ യു.എസ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഈയാഴ്ച ഇന്ത്യയിലേക്കും മധ്യ ഏഷ്യയിലേക്കുമുള്ള അഭയാർഥികളുമായുള്ള വിമാനങ്ങൾ കോസ്റ്റ റീക്കയിലെത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ പനാമയും സമാനമായ രീതിയിൽ അഭയാർഥികളെ നാടുകടത്തുന്നതിനുള്ള പാലമായി പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ച യു.എസിൽ നിന്നുള്ള അഭയാർഥികളുമായി വന്ന മൂന്ന് വിമാനങ്ങളാണ് പനാമയിൽ ഇറങ്ങിയത്. കുടിയേറ്റക്കാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ഒരു പാലമായി തങ്ങൾ പ്രവർത്തിക്കുമെന്നാണ് കോസ്റ്റ റീക്ക അറിയിച്ചിരിക്കുന്നത്.
യു.എൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ നിർദേശപ്രകാരമായിരിക്കും ഇതിനുള്ള നടപടികൾ പൂർത്തീകരിക്കുക. രാജ്യത്തെ പ്രധാനവിമാനത്താവളമായ സാൻ ജോസിലേക്ക് എത്തുന്ന അഭയാർഥികളെ രാജ്യത്തിന്റെ തെക്കൻ പ്രദേശത്തേക്കാവും മാറ്റുകയെന്നും കോസ്റ്റാറിക്ക അറിയിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് റിപ്പോർട്ടുണ്ട്.