ന്യൂയോർക്ക് സിറ്റി: പതിറ്റാണ്ടുകൾക്കിടയിൽ ന്യൂയോർക്ക് സിറ്റിയിലെ നഴ്‌സുമാരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണിമുടക്ക് 11-ാം ദിവസത്തിലേക്ക് കടന്നതോടെ, ആശുപത്രി മാനേജ്‌മെന്റുകളുമായുള്ള ചർച്ചകൾ പുനരാരംഭിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷന്റെ (NYSNA) നേതൃത്വത്തിൽ ഏതാണ്ട് 15,000 നഴ്‌സുമാരാണ് ജനുവരി 12 മുതൽ പണിമുടക്കുന്നത്.
മൗണ്ട് സിനായ്, മോണ്ടിഫിയോർ, ന്യൂയോർക്ക് പ്രെസ്ബിറ്റേറിയൻ എന്നീ സ്വകാര്യ ആശുപത്രി അധികൃതരുമായാണ് ചർച്ചകൾ നടക്കുന്നത്. ഗവർണർ കാത്തി ഹോച്ചുൾ, മേയർ സൊഹ്‌റാൻ മംദാനി എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ചകൾ പുനരാരംഭിച്ചത്.
മെച്ചപ്പെട്ട ശമ്പളം, രോഗികൾക്ക് സുരക്ഷിതമായ രീതിയിലുള്ള സ്റ്റാഫിംഗ് അനുപാതം, ജോലിസ്ഥലത്തെ സുരക്ഷ, ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിലനിർത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. എന്നാൽ, നഴ്‌സുമാരുടെ ആവശ്യങ്ങൾ അപ്രായോഗികമാണെന്നും വൻ തുകയാണ് ആവശ്യപ്പെടുന്നതെന്നും ആശുപത്രി അധികൃതർ ആരോപിക്കുന്നു. സമരം നീണ്ടുപോയാൽ ഫെബ്രുവരി 1 മുതൽ ആരോഗ്യ ആനുകൂല്യങ്ങൾ റദ്ദാക്കുമെന്ന് മോണ്ടിഫിയോർ ആശുപത്രി നഴ്‌സുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, കരാറിൽ എത്തുന്നതുവരെ സമരം തുടരുമെന്ന് യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏജൻസി നഴ്‌സുമാരെ ഉപയോഗിച്ചാണ് ആശുപത്രികൾ അത്യാവശ്യ സേവനങ്ങൾ നൽകുന്നത്.

