തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തരയോടെ തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ സ്വീകരിച്ചു. മോദിക്ക് ബിജെപി പ്രവർത്തകരും പൊതുജനങ്ങളും ആവേശകരമായ വരവേൽപ്പാണ് നൽകിയത്. കേരളത്തിലെ സംബന്ധിച്ച് വികസനത്തിനു പുതിയ ദിശാബോധം വന്ന ദിവസമാണ് ഇന്നെന്ന് പ്രധാനമന്ത്രി അമൃത് ഭാരത്, പാസഞ്ചർ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് വ്യക്തമാക്കി.
തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ചെർളപ്പള്ളി, നാഗർകോവിൽ-മംഗലാപുരം എന്നീ മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെയും തൃശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിനിന്റെയും ഫ്ലാഗ് ഓഫ് അദ്ദേഹം നിർവ്വഹിച്ചത്. ‘സുഹൃത്തുക്കളേ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഓരോ പദ്ധതികളെ കുറിച്ചും പറഞ്ഞത്.
കേന്ദ്രസർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി വികസിത കേരളത്തിൽനിന്നു മാത്രമേ വികസിത ഭാരതം ഉണ്ടാകുകയുള്ളുവെന്നും ആവേഭരിതമായി. കേരളത്തിന്റെ ഭാവി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ബിജെപി യോഗത്തിൽ പറയാമെന്നും മോദി വ്യക്തമാക്കി.തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ഇതിനോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

