ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തെ അറിയില്ലായിരുന്നുവെന്നും കൊളള സംഘക്കാരനാണെന്ന് അറിയില്ലായിരുന്നുവെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. 2019ല്‍ ആറ്റിലങ്ങിലെ എം.പിയായതിന് ശേഷമാണ് ആദ്യമായി പോറ്റി വന്ന് കണ്ടത്. ശബരിമലയിലെ അന്നദാനത്തിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് ക്ഷണിച്ചു, ഞാന്‍ പങ്കെടുക്കുകയും ചെയ്തു. അതുവരെ പോറ്റി ആരാണെന്നോ, കൊള്ളക്കാരനോ ആണെന്ന് അന്ന് അറിയില്ലായിരുന്നു. ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് വിശദീകരിച്ചു.
പിന്നീട് പോറ്റിയുടെ പിതാവ് മരിച്ചപ്പോള്‍ പോയി. വെഞ്ഞാറംമൂടിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി രമണി പി. നായർക്കൊപ്പമാണ് അന്ന് വീട്ടിൽപോയത്. ബംഗളൂരുവില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി കാണാന്‍ വന്നത്.പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന്‍റെ ക്ഷണപത്രമാണ് അന്ന് കൈമാറിയത് എന്നാണ് ഓര്‍മ. പോറ്റിക്കൊപ്പം സോണിയാഗാന്ധിയെ കാണാന്‍ പോയിട്ടുണ്ട്. സോണിയാഗാന്ധിയെ കാണാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്നും എം.പിയെന്ന നിലയില്‍ വരണമെന്ന് പറഞ്ഞു. അതുകൊണ്ടാണ് അന്ന് പോയതെന്നും അടൂർ പ്രകാശ് പറഞ്ഞു.
പോറ്റിയില്‍ നിന്നും സമ്മാനം വാങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് അടൂര്‍ പ്രകാശ് നിഷേധിച്ചില്ല. ഈന്തപ്പഴമോ മറ്റോ ആണ് പോറ്റി സമ്മാനമായി തന്നത്. അത് അപ്പോള്‍ തന്നെ അവിടെയുള്ളവര്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് നീക്കം നടക്കുന്നുണ്ടാകാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഷര്‍ട്ടും പാന്റും ധരിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം നൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമസക്കാരനാണെന്നും അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ മാത്രമാണ് പരിചയം എന്നുമാണ് അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവിധ ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്.
നേരത്തെ സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്ന പോറ്റിയുടെ ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. ഇന്നലെ കടകം പള്ളി സുരേന്ദ്രനൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

