Friday, January 23, 2026
HomeAmericaലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിന്മാറി: സംഘടനയ്ക്കെതിരെ ട്രംപിൻ്റെ രൂക്ഷ വിമർശനം

ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിന്മാറി: സംഘടനയ്ക്കെതിരെ ട്രംപിൻ്റെ രൂക്ഷ വിമർശനം

വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്നും അമേരിക്ക ഔദ്യോഗികമായി പുറത്തുപോയി. വ്യാഴാഴ്ച ഈ നടപടി പൂർത്തിയായതായി ഐക്യരാഷ്ട്രസഭയും അമേരിക്കൻ ഭരണകൂടവും സ്ഥിരീകരിച്ചു. 2025 ജനുവരിയിൽ ഡോണൾഡ് ട്രംപ് അധികാരമേറ്റ ഉടൻ തന്നെ ഇതിനായുള്ള ഉത്തരവിൽ ഒപ്പുവെച്ചിരുന്നു. ഒരു വർഷത്തെ നോട്ടീസ് കാലാവധി പൂർത്തിയായതോടെയാണ് 2026 ജനുവരിയിൽ പുറത്തുപോകൽ ഔദ്യോഗികമായത്. എന്നാൽ, അംഗത്വ കുടിശ്ശികയിനത്തിൽ ഏകദേശം 260 മില്യൺ ഡോളർ അമേരിക്ക ഇനിയും നൽകാനുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

സംഘടനയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടത്തിൻ്റെ പടിയിറക്കം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്നത് അമേരിക്കയാണ്. എന്നാൽ അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് ഭരണകൂടം വാദിക്കുന്നു. സംഘടനയുടെ ഘടനയിൽ അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഡബ്ല്യു.എച്ച്.ഒ പരാജയപ്പെട്ടതായി അമേരിക്ക ചൂണ്ടിക്കാട്ടുന്നു.

കോവിഡ്-19 മഹാമാരിയുടെ പ്രാരംഭ ഘട്ടത്തിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും ഇത് ആഗോളതലത്തിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായെന്നും അമേരിക്ക ആരോപിക്കുന്നു. സംഘടന ചൈനയുടെ സ്വാധീനത്തിലാണെന്നും വൈറസിൻ്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ സംഘടന ചൈനയെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു.

സംഘടന “അതിൻ്റെ പ്രധാന ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചുവെന്നും നിരവധി തവണ യുഎസിലെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ യുഎസ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെന്നും” ആരോഗ്യ-മനുഷ്യ സേവന വകുപ്പിലെ (HHS) ഒരു മുതിർന്ന HHS ഉദ്യോഗസ്ഥൻ വ്യാഴാഴ്ച പറഞ്ഞു. ഇനി മുതൽ ആഗോള ആരോഗ്യ കാര്യങ്ങളിൽ അന്താരാഷ്ട്ര സംഘടനകൾക്ക് പകരം മറ്റ് രാജ്യങ്ങളുമായി നേരിട്ട് സഹകരിക്കാനാണ് അമേരിക്കയുടെ തീരുമാനം. ട്രംപ് തൻ്റെ ആദ്യ ഭരണകാലത്തും (2020) പിന്മാറ്റത്തിന് ശ്രമിച്ചിരുന്നെങ്കിലും തുടർന്ന് വന്ന ജോ ബൈഡൻ ആ തീരുമാനം റദ്ദാക്കുകയായിരുന്നു.

ലോകാരോഗ്യസംഘടനയിൽ (WHO) നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. ലോകാരോഗ്യസംഘടന അമേരിക്കയുടെ പിന്മാറ്റത്തിൽ സംഘടന ഖേദം പ്രകടിപ്പിച്ചു. ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ വിഹിതം (ഏകദേശം 18%) ഇല്ലാതാകുന്നത് സംഘടനയുടെ ബജറ്റിനെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ പിന്മാറ്റം അമേരിക്കയെയും ലോകത്തെയും ഒരുപോലെ അപകടത്തിലാക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. രോഗാണുക്കൾക്ക് അതിർത്തികളില്ലാത്തതിനാൽ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് പലരും ട്രംപ് ഭരണകൂടത്തെ ഓർമ്മിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments