Tuesday, May 6, 2025
HomeNewsരാഹുല്‍ ഗാന്ധിയുമായി ഉള്ള കൂടിക്കാഴ്ച: പ്രതികരിച്ച് ശശി തരൂര്‍

രാഹുല്‍ ഗാന്ധിയുമായി ഉള്ള കൂടിക്കാഴ്ച: പ്രതികരിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ച് ശശി തരൂര്‍ എം.പി. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നേരത്തെ ആവശ്യപ്പെട്ടതാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശശി തരൂര്‍ പറഞ്ഞു.രണ്ട് പേര്‍ മാത്രം പങ്കെടുത്ത ചര്‍ച്ചയായിരുന്നു. അതില്‍ കൂടുതല്‍ പ്രതികരികരണത്തിനില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയേയും മോദി-ട്രംപ് കൂടിക്കാഴ്ചയേയും പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ശശി തരൂരിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കെ സി വേണുഗോപാലും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടിലും ചര്‍ച്ച നടന്നതായാണ് വിവരം. ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും ചര്‍ച്ച നടത്തി. ശശി തരൂര്‍ ഇവിടെ എത്തിയെങ്കിലും പെട്ടെന്നുതന്നെ മടങ്ങി. പ്രിയങ്കയും രാഹുലിനൊപ്പമുണ്ടായിരുന്നതായാണ് വിവരം.

സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനമായിരുന്നു വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കേരളത്തിന്റേത് അതിശയിപ്പിക്കുന്ന മാറ്റമെന്നായിരുന്നു തരൂര്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനം മുറുകുമ്പോഴും ശശി തരൂര്‍ നിലപാടില്‍ ഉറച്ചുനിന്നു. ലേഖനം കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും നല്ലതുകണ്ടാല്‍ നല്ലതെന്നു തന്നെ പറയുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

ശശി തരൂരിനെതിരെ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും രംഗത്തെത്തിയിരുന്നു. വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് മാറി നിന്നിട്ട് വേണം തരൂര്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയാന്‍ എന്നായിരുന്നു ഹസ്സന്‍ പറഞ്ഞത്. ഇതിനും തരൂര്‍ കൃത്യമായ മറുപടി നല്‍കി. ‘അത് പറയേണ്ട ആളുകള്‍ പറയട്ടെ, അപ്പോള്‍ ആലോചിക്കാം’ എന്നായിരുന്നു തരൂര്‍ നല്‍കിയ മറുപടി. വിഷയത്തില്‍ ആദ്യം കാര്യമായി പ്രതികരിക്കാന്‍ തയ്യാറാകാത്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പിന്നീട് ശശി തരൂരിനെ ഫോണില്‍ വിളിച്ച് ശാസിച്ചതായി പറഞ്ഞിരുന്നു.

വിഷയം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വരെ പ്രതിഫലിക്കാം എന്ന കണക്ക് കൂട്ടലില്‍ കൂടിയാണ് ലേഖന വിവാദം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തരൂരിനെ വിളിപ്പിച്ചതും കൂടിക്കാഴ്ച നടത്തിയതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments