തിരുവനന്തപുരം: എലപ്പുള്ളിയിലെ വിവാദ ബ്രൂവറിയിലടക്കം സി.പി.ഐയും ആർ.ജെ.ഡിയും ഇടഞ്ഞുനിൽക്കുന്നതിനിടെ, ബുധനാഴ്ച ഇടതുമുന്നണി യോഗം ചേരും. സർക്കാറിന്റെ നയപരമായ തീരുമാനങ്ങൾ പലതും മുന്നണി അറിയുന്നില്ലെന്ന ഘടകകക്ഷികളുടെ ആക്ഷേപം കനക്കുന്നതിനിടെയാണ് യോഗം. മദ്യനിർമാണശാല വിഷയം ചർച്ചചെയ്യാൻ അടിയന്തരമായി എൽ.ഡി.എഫ് വിളിക്കണമെന്നും അതുവരെ പ്രവർത്തനം നിർത്തിവെക്കണമെന്നുമാവശ്യപ്പെട്ട് ആർ.ജെ.ഡി കത്തുനൽകുകയും പരസ്യപ്രതികരണത്തിന് മുതിരുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം.
വെള്ളിയാഴ്ച ചേർന്ന സി.പി.ഐ എക്സിക്യൂട്ടിവിലും സ്വകാര്യ മദ്യക്കമ്പനി വേണ്ടെന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നുതന്നെയാണ് നിലപാട്. വെള്ളം അസംസ്കൃത വസ്തുവായി പരിഗണിച്ചുള്ള വ്യവസായം തുടങ്ങുന്നതിനുമുമ്പ് വിശദപരിശോധന അനിവാര്യമാണെന്നും അത്തരമൊരു ജാഗ്രതയോ ഇടപെടലുകളോ എലപ്പുള്ളിയിലെ പ്ലാന്റിന്റെ കാര്യത്തിലുണ്ടായില്ലെന്നും സി.പി.ഐ ആവർത്തിക്കുന്നു. എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന പദ്ധതിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നേതാക്കൾ ഭൂരിഭാഗവും. മാത്രമല്ല, മുന്നണി യോഗത്തിൽ സി.പി.ഐയുടെ എതിർപ്പറിയിക്കാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും എക്സിക്യൂട്ടിവ് ചുമതലപ്പെടുത്തി. മദ്യനിർമാണശാലയിൽ ജലലഭ്യതയും പാരിസ്ഥിതിക പ്രശ്നവുമാണ് സി.പി.ഐ ഉന്നയിക്കുന്നതെങ്കിൽ ഇതിനൊപ്പം സോഷ്യലിസ്റ്റ് നിലപാടിൽ ഊന്നി മദ്യം സാർവത്രികമാകുന്നതിന്റെ വിപത്തുകൂടി ആർ.ജെ.ഡി മുന്നോട്ടുവെക്കുന്നു.
അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ തന്നെയാണ് സി.പി.എം. മുന്നണിയിൽ കടുത്ത അതൃപ്തി പുകയുമ്പോഴും നിലപാടിൽ സി.പി.എം അയവുവരുത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന മുന്നണി യോഗം നിർണായകമാകുന്നത്. ഉപതെരഞ്ഞെടുപ്പിനുശേഷം മുന്നണിയോഗം ചേർന്നിരുന്നില്ല. സ്വകാര്യ സർവകലാശാല വിഷയത്തിൽ സി.പി.ഐ അയഞ്ഞെങ്കിലും ആർ.ജെ.ഡിക്ക് വിയോജിപ്പുണ്ട്.
സ്മാർട്ട്സിറ്റി പദ്ധതിയിൽനിന്ന് നഷ്ടപരിഹാരം നൽകി ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനവും ഇടതുമുന്നണി അറിഞ്ഞിരുന്നില്ല. സാധാരണ വെള്ളക്കരവും യാത്രാനിരക്ക് ഭേദഗതിയുമടക്കം ഭരണപരമായ തീരുമാനങ്ങൾ പോലും എൽ.ഡി.എഫിൽ ചർച്ച ചെയ്ത് ധാരണയായശേഷം മന്ത്രിസഭയിലേക്കെത്തുന്ന പതിവ് കീഴ്വവഴക്കങ്ങളിൽ നിന്നാണ് ഈ വഴുതിമാറ്റം. ഇതടക്കം ഘടകകക്ഷികൾ യോഗത്തിൽ ഉന്നയിച്ചേക്കും. കേന്ദ്രബജറ്റിലെ അവഗണനക്കെതിരായ രാഷ്ട്രീയനീക്കങ്ങളും യോഗം ചർച്ച ചെയ്യും.