Monday, December 23, 2024
HomeGulfതിരുവോണം; മലയാളിക്ക് മറുനാടും മാവേലിനാട്

തിരുവോണം; മലയാളിക്ക് മറുനാടും മാവേലിനാട്

അബുദാബി: മാവേലിയുടെ നാട്ടുകാർ മറ്റെവിടെ ചെന്നാലും ഓണമുണ്ട്; ഓണക്കോടിയും സദ്യയും ഒത്തുചേരലുമുണ്ട്. മലയാളക്കരയിൽനിന്നു മണലാരണ്യത്തിലെത്തിയവർക്കുമുണ്ട് നാടിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയുമുള്ള ഓണാഘോഷം. വാരാന്ത്യ അവധിദിവസത്തിൽ തിരുവോണം വന്നതിന്റെ ആവേശത്തിലാണ് യുഎഇയിലെ മലയാളികളും നാട്ടിൽ അവരുടെ പ്രിയപ്പെട്ടവരും.

അയൽവാസികളും നാട്ടുകാരും കൂട്ടുകുടുംബങ്ങളുമെല്ലാം ചേർന്ന് നാട്ടിലെ ഓണം മധുരതരമാക്കുമ്പോൾ മറുനാട്ടിൽ ആ സ്ഥാനം പ്രവാസികൂട്ടായ്മകൾക്കാണ്. നാട്ടിൽനിന്ന് ഏറെ അകലയെങ്കിലും ആഘോഷത്തിലും ആവേശത്തിലും ഒരു പടി മുൻപിൽ പ്രവാസികൾതന്നെയെന്ന് അവർ പറയും. എല്ലാ വ്യത്യാസങ്ങളും മറന്ന് മലയാളി എന്ന ഒറ്റപ്പേരിൽ എല്ലാവരും ഒരുമിക്കുന്ന ഓണാഘോഷം പ്രവാസികൾക്കിടയിൽ മാസങ്ങൾ നീളും.

നാട്ടിൽനിന്നകലെ, നാടിനൊപ്പം
കടൽകടന്നത്തെത്തിയ പൂക്കളും പച്ചക്കറികളും പഴങ്ങളും പ്രവാസികളുടെ ഓണാഘോഷത്തെ തനി നാടൻ ആക്കുന്നു.നാട്ടിലെ പ്രിയപ്പെട്ടവരെ വിഡിയോ കോൾ വഴി ഗൾഫിലെ ആഘോഷങ്ങളിൽ ‘പങ്കെടുപ്പിക്കുക’യാണ് പലരും.  കൂട്ടായ്മകളുടെ സന്തോഷം പങ്കുവയ്ക്കുന്നതു മുതൽ ലൈവ് ആയി പാചകപാഠങ്ങൾ പകരുന്നതുവരെ വിഡിയോ കോൾ വഴി നടക്കുന്നു.  ഒറ്റയക്കും കൂട്ടായും കുടുംബമായും യുഎഇയിൽ താമസിക്കുന്നവരെല്ലാം ഓണാഘോഷത്തിൽ പങ്കെടുക്കുന്നു. നാടിന്റെ തനിമ ആഘോഷങ്ങളിൽ നിറയ്ക്കാൻ ഓരോ കുടുംബവും കൂട്ടായ്മയും മത്സരിക്കുന്നു. ഇന്നലെ വൈകിട്ടു ജോലി കഴിഞ്ഞ് എത്തിയപ്പോൾ തുടങ്ങിയ സദ്യവട്ട തയാറെടുപ്പുകൾ രാവേറും വരെ തുടർന്നിരുന്നു. ഫ്ലാറ്റിൽ മാതാപിതാക്കളും മക്കളും ചേർന്ന് സദ്യ ഒരുക്കുന്നതു മുതൽ കുടുംബ സുഹൃത്തുക്കൾ ഏതെങ്കിലും ഒരാളുടെ താമസസ്ഥലത്ത് ഒത്തുചേർന്ന് വിപുലമായ സദ്യ തയാറാക്കുന്നതു വരെ ആഘോഷത്തിന്റെ ആവേശം പലതാണ്. 

സദ്യയൊരുക്കം പലതരം
ഇഞ്ചിക്കറി, കൊണ്ടാട്ടം, അച്ചാറ്, കായ ഉപ്പേരി തുടങ്ങിയവ ദിവസങ്ങൾക്കു മുൻപുതന്നെ തയാറാക്കി വച്ചിരുന്നത് പലരുടെയും ജോലി ഭാരം കുറച്ചു. മോര്, പുളിശ്ശേരി തുടങ്ങി ഉണ്ടാക്കാൻ എളുപ്പമുള്ളവ വീട്ടിൽ തയാറാക്കിയും അൽപം ബുദ്ധിമുട്ടുള്ള വിഭവങ്ങൾ പാഴ്സൽ വാങ്ങിയും സദ്യ ഗംഭീരമാക്കുന്നവരും ഏറെ. അവധി ദിവസമായതിനാൽ സ്വന്തം കൈകൊണ്ട് സദ്യയൊരുക്കുമെന്ന് വാശി പിടിച്ച് യുട്യൂബിനെ ആശ്രയിക്കുന്നവരുമുണ്ട്. പച്ചക്കറി അരിയാനൊന്നും സമയമില്ലാത്തവർ റെഡി ടു കുക്ക് ഉൽപന്നങ്ങൾ വാങ്ങി പാകം ചെയ്തും സമയം ലാഭിക്കുന്നു. സദ്യ ഉണ്ടാക്കുന്നതിൽ മിടുക്കരായ സുഹൃത്തുക്കളെ പ്രത്യേകം ക്ഷണിച്ചുവരുത്തിയവരും ഏറെ. എന്നാൽ സഹപ്രവർത്തകരെയും മറ്റും വിരുന്നിനു വിളിച്ചവർ സദ്യയുണ്ടാക്കാനുള്ള സാഹസത്തിനു മുതിരാതെ പാഴ്സൽ സദ്യ ഓർഡർ ചെയ്തിരിക്കുകയാണ്.

ബാച്ചിലേഴ്സ് മുറികളിലെ സദ്യകളിൽ നിറയുന്നത് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള രുചിവൈവിധ്യം. മലയാളികൾ മാത്രമല്ല മറുനാട്ടുകാരും ചേർന്നുള്ള ആഗോള രുചിക്കൂട്ടും ബാച്ചിലേഴ്സ് സദ്യയുടെ പ്രത്യേകതയാണ്. പൂക്കളം ഒരുക്കുന്നതിലും സദ്യവട്ടത്തിലും അവരെ പിന്തുണയ്ക്കാൻ സ്ത്രീകൾ ആരുമില്ല. 

കസവണിയും ആഘോഷക്കാലം
കസവു മുണ്ടും ജുബ്ബയും സെറ്റ് സാരിയും ടോപ്പുമെല്ലാം ധരിച്ച് കേരളീയ വേഷത്തിൽ നഗരം ചുറ്റി സെൽഫിയും വിഡിയോ ദൃശ്യങ്ങളും എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന തിരക്കിലാണ് പലരും. ചിലർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ‌സന്ദർശിച്ചും വിനോദയാത്ര നടത്തിയും ഓണാഘോഷം തുടരുന്നു. 

വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികളും ഇന്നത്തെ ആഘോഷത്തെ സമ്പന്നമാക്കും. ചെണ്ടമേളം, പുലിക്കളി, തിരുവാതിര, വടംവലി തുടങ്ങി എങ്ങും ആഘോഷമയം. കേരളീയ വേഷത്തിൽ നൃത്തച്ചുവടുകൾ വച്ച് പലയിടത്തും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരും ഒപ്പം ചേരുന്നു.

വിമാനനിരക്കിൽ തനിച്ചോണം
ഓണത്തിന് മാതാപിതാക്കളെ ഗൾഫിൽ എത്തിച്ചിരുന്ന പതിവിന് ഇത്തവണ ഉയർന്ന വിമാന ടിക്കറ്റ് തിരിച്ചടിയായി. കേരള–ഗൾഫ് സെക്ടറിൽ കുറഞ്ഞത് 30,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. 

അതുകൊണ്ടുതന്നെ ‘ഗൾഫോണത്തി’ന് എത്തുന്ന മാതാപിതാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഗൾഫിൽ സ്കൂൾ തുറന്നതുമൂലം ഓണത്തിനു കുടുംബസമേതം നാട്ടിലേക്കു പോകുന്നതും ഇത്തവണ കുറഞ്ഞു. ഇതേസമയം യുഎഇ കേരള സെക്ടറിൽ നിരക്ക് കുറഞ്ഞതോടെ അവസാന നിമിഷം കുറഞ്ഞ അവധിക്കു നാട്ടിലേക്കു പോയവരുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments