സുധർമ്മൻ ഇ. എസ്
ഓണം നമ്മൾ മലയാളികൾക്ക് എന്നും ആഘോഷമാണ്. ആഘോഷങ്ങൾ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ നാട്. അതുകൊണ്ട് തന്നെ നമ്മൾ എന്തും ആഘോഷമാക്കി മാറ്റാറുണ്ട്. ജാതിമതഭേദമന്യേ എല്ലാവരും എല്ലാ ഉത്സവങ്ങളും കൊണ്ടാടുന്നു. ഓണം നമ്മുടെ ദേശീയ ഉത്സവം ആണ്. പൂക്കളം ഒരുക്കി പത്ത് ദിവസം നമ്മൾ ആഘോഷിക്കുന്നു.
പണ്ടത്തെ ഓണത്തെ കുറിച്ച് ഓർക്കുമ്പോൾ, സ്കൂളിൽ പഠിക്കുന്ന സമയം, ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ വന്നാൽ പൂക്കൾ പറിക്കാനായി ഇറങ്ങും. ഒരു കുട്ടയോ, കവറോ കൈയിൽ പിടിച്ച് പറമ്പിലും പാടത്തും നടന്നു പൂക്കൾ പൊട്ടിച്ച് വരും. പൂക്കളത്തിന് പ്രധാനം തുമ്പപ്പൂ ആണ്. അതു അന്നൊക്കെ പറമ്പുകളിൽ നിറയെ കാണാം. പിന്നെ മുക്കുറ്റി, ചെമ്പരത്തി, കാശിത്തുമ്പ അങ്ങനെ ഉള്ളതൊക്കെ പൊട്ടിച്ച് വരും. ഇന്നു കാലം ഒരുപാട് കടന്നു പോയി. പൂക്കൾ പറിക്കാൻ ആർക്കും നേരമില്ല, കുട്ടികൾക്കു തുമ്പപ്പൂ കാണാനേ കിട്ടുന്നില്ല. കടയിൽ നിന്നു കിട്ടുന്ന മോഡേൺ പൂക്കൾ കൊണ്ട് അവർ പൂക്കളം ഇടുന്നു. തുമ്പപ്പൂ ഇല്ല, മുക്കുറ്റി ഇല്ല.
പൂക്കൾ പോലെ തന്നെ എല്ലാത്തിനും മാറ്റം വന്നു. പണ്ട് ഓരോ ദിവസം കഴിയും തോറും ഒരു ദിവസത്തിനായുള്ള കാത്തിരിപ്പാണ്. ‘തിരുവോണം’. അന്നു പുതിയ ഉടുപ്പുകൾ എല്ലാം ഇട്ട് സദ്യ കഴിക്കാനായി ഉള്ള കാത്തിരിപ്പ്. ഓണസദ്യ ഒരു വികാരമാണ്. വീട്ടിലെ എല്ലാവരും കൂടി സദ്യ ഉണ്ടാക്കി എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുന്നു. അതിനും ഇന്നു ഒരു മാറ്റം വന്നിരിക്കുന്നു. സദ്യ ഉണ്ടാക്കാനൊക്കെ വല്ല്യ പാടല്ലേ, നമുക്ക് സദ്യ എൽപ്പിച്ചാലോ എന്നായി. അതാകുമ്പോൾ അടുക്കളയിൽ നിന്ന് സമയം കളയണ്ട, ആ സമയം മൊബൈലിൽ കുറച്ചു ഫോട്ടോസൊക്കെ എടുത്തു എല്ലാവർക്കും ആശംസകൾ അറിയിച്ചു സ്റ്റാറ്റസ് ഒക്കെ ഇടാമല്ലോ എന്നാണ് പലരും ആലോചിക്കുന്നത്.
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് പലതും അന്യമായി തുടങ്ങി. വീട്ടിൽ സദ്യ ഉണ്ടാക്കുന്നത് കാണുന്നില്ല, പൂക്കൾ പറിച്ചു പൂക്കളം ഇടുന്നില്ല. നമ്മുടെ കുട്ടികൾക്ക് നമ്മൾ ഉത്സവങ്ങളുടെ ഭംഗി കാണിച്ചു കൊടുക്കാൻ പറ്റുന്നില്ല. ഇന്നത്തെ കുട്ടികൾക്ക് ഓണക്കളികൾ എന്തേലും അറിയുമോ എന്ന് ചോദിച്ചാൽ അതും കുറവാ. വീട്ടിലെ മുറ്റത്തെ മാവിന്റെ കൊമ്പിൽ ഊഞ്ഞാൽ കെട്ടി അതിൽ ഇരുന്നു ആടുന്ന ഒരു സുഖവും സന്തോഷവും ഒന്നു വേറെ തന്നെയാ. ഇന്നിപ്പോൾ ഊഞ്ഞാൽ ആടണമെങ്കിൽ വല്ല പാർക്കിലോ കൊണ്ട് പോകും വീട്ടുകാർ. അങ്ങനെ എല്ലാം നമ്മുടെ പുതു തലമുറയിലെ കുട്ടികൾക്ക് കിട്ടാതെ പോകുന്നു.
ഓണം എന്താണെന്നും അതിന്റെ ഐതിഹ്യം എന്താണെന്നും നമ്മുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ നമുക്ക് സാധിക്കട്ടെ. എല്ലാ മനുഷ്യരും ഒന്നു പോലെ കഴിഞ്ഞിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു എന്നു അവർ മനസ്സിലാക്കട്ടെ. ഇനിയുള്ള കാലം അതിന്റെ ഓർമ്മകൾ മനസ്സിൽ വച്ചു എല്ലാ ഉത്സവങ്ങളും ആഘോഷിക്കാൻ സാധിക്കട്ടെ.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ.