അബുദാബി : പശ്ചിമേഷ്യൻ സംഘർഷത്തിൽ പങ്കാളിയാകുമെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ). മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ തങ്ങൾ യാതൊരുവിധത്തിലും നേരിട്ട് പങ്കാളികളാകില്ലെന്ന് യു എ ഇ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും യുഎഇ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വസ്തുതയല്ലെന്നും ഔദ്യോഗികമായി വ്യക്തമാക്കി.
തങ്ങൾക്ക് നേരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കുന്നതിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സമാധാനപരമായ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതെന്നും യു എ ഇ വിവരിച്ചു. നിലവിലെ സംഘർഷങ്ങളിലേക്ക് നേരിട്ട് ഇടപെടാനോ സൈനിക നീക്കങ്ങളുടെ ഭാഗമാകാനോ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ യു എ ഇ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. മേഖലയിലെ സമാധാനമാണ് യു എ ഇ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അനിഷ്ട സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ നിയന്ത്രിത മേഖലകൾ, അപകടസ്ഥലങ്ങൾ, വിമാനത്താവള പരിസരങ്ങൾ എന്നിവ ചിത്രീകരിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യു എ ഇ അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് എംബസിയുടെ ഈ അറിയിപ്പ്. സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചാലുടൻ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുകയും ‘ഓൾ ക്ലിയർ’ സിഗ്നൽ ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരുകയും വേണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നുണ്ട്.
മുന്നറിയിപ്പ് സമയങ്ങളിൽ വീഡിയോ എടുക്കാനോ ഫോട്ടോ എടുക്കാനോ ആരും പുറത്തിറങ്ങരുത്. മിസൈൽ അവശിഷ്ടങ്ങൾ മൂലമോ മറ്റോ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ സോഷ്യൽ മീഡിയയിലോ പങ്കുവെക്കാനും പാടില്ല. വിമാനത്താവളത്തിനുള്ളിൽ എത്തുമ്പോഴോ പുറപ്പെടുമ്പോഴോ യാതൊരു കാരണവശാലും ചിത്രീകരണം നടത്തരുത്. മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ തൊടാനോ അടുത്തേക്ക് പോകാനോ ശ്രമിക്കരുത്. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ യുഎഇ അധികൃതരെ വിവരം അറിയിക്കുകയാണ് വേണ്ടത്.

