ഡോ. മധു നമ്പ്യാർ
ലാൻഹം, മേരിലാൻഡ്: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) വാഷിംഗ്ടൺ ഡി.സി. റീജിയന്റെ നേതൃത്വത്തിൽ നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (NSGW), ശ്രീനാരായണ മിഷൻ സെന്റർ (SNMC), ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്ടൺ ഡി.സി. (SFWDC), പത്രിക എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വിദ്യാരംഭം ചടങ്ങ് മുരുകൻ ടെമ്പിൾ ഓഫ് നോർത്ത് അമേരിക്കയിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കുടുംബങ്ങളുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമായ ഒരു ആത്മീയ-സാംസ്കാരിക സംഗമമാക്കി.

പ്രഭാതം മുതൽ ക്ഷേത്രപരിസരം പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിലായിരുന്നു. മാതാപിതാക്കളുടെ കൈപിടിച്ച് അറിവിന്റെ ലോകത്തേക്കുള്ള ആദ്യ ചുവടുവയ്പ്പിന് എത്തിയ കുഞ്ഞുങ്ങളാണ് ചടങ്ങിന്റെ മുഖ്യ ആകർഷണമായത്. ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിലെ പൂജാരി ശ്രീ വിഷ്ണുകുമാർ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ സരസ്വതി ദേവിയുടെ അനുഗ്രഹം തേടിയുള്ള പ്രത്യേക പൂജകളും മന്ത്രോച്ചാരണങ്ങളും നടന്നു. തുടർന്ന് കുട്ടികൾ അരിയിൽ ആദ്യാക്ഷരങ്ങൾ കുറിച്ച് വിദ്യാഭ്യാസ ജീവിതത്തിന്റെ പ്രഥമ അധ്യായത്തിന് തുടക്കം കുറിച്ചു.

പരമ്പരാഗത വേഷത്തിൽ എത്തിയ കുട്ടികളും കുടുംബങ്ങളും ചടങ്ങിന് കൂടുതൽ നിറം പകർന്നു. പുസ്തകങ്ങൾ, പഴങ്ങൾ, പൂക്കൾ, സംഗീതോപകരണങ്ങൾ എന്നിവയുമായി എത്തിയ മാതാപിതാക്കൾ വിദ്യാഭ്യാസത്തോടൊപ്പം കലയും സംസ്കാരവും ആത്മീയ മൂല്യങ്ങളും പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചു. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കാഴ്ചകൾ എല്ലാവരുടെയും ഹൃദയം സ്പർശിച്ചു.

പരിപാടിയിൽ ഖ്നാ റീജിയണൽ വൈസ് പ്രസിഡന്റ് നാരായണൻകുട്ടി മേനോൻ സ്വാഗതം ആശംസിച്ചു. വിദേശത്ത് വളരുന്ന കുട്ടികൾക്ക് ഭാരതീയ പാരമ്പര്യവും മൂല്യങ്ങളും പരിചയപ്പെടുത്തുന്നതിൽ വിദ്യാരംഭം പോലുള്ള ചടങ്ങുകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശിവഗിരി ഫൗണ്ടേഷൻ പ്രസിഡന്റ് വിജിലി ബഹുലേയൻ വിദ്യാരംഭത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യം വിശദീകരിച്ചു. എസ്.എൻ.എം.സി പ്രസിഡന്റ് സന്ദീപ് പണിക്കർ, എൻ.എസ്.ജി.ഡബ്ല്യു പ്രസിഡന്റ് ജിനേഷ് കൊളുപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. സമൂഹനേതാവ് ശ്രീ കൃഷ്ണൻ ചടങ്ങിനെ അഭിനന്ദിക്കുകയും സംഘാടകരുടെ കൂട്ടായ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. പത്രികയെ പ്രതിനിധീകരിച്ച് സീമ ശങ്കർ കുട്ടികൾക്കും കുടുംബങ്ങൾക്കും ആശംസകൾ അറിയിച്ചു.

പരിപാടിയുടെ സ്പോൺസറും വിശിഷ്ടാതിഥിയുമായ ഒലീവിയ ഗ്രാമീൺ ക്രെഡിറ്റ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണകുമാർ കെ. ടി.യെ മനോജ് ശ്രീനിലയം പരിചയപ്പെടുത്തി. ഏഷ്യൻ രാജ്യങ്ങളുടെയും പാശ്ചാത്യ സമൂഹങ്ങളുടെയും സാമ്പത്തിക സാഹചര്യങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ചും സാമ്പത്തിക ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി ഒരുക്കിയ വീഡിയോ അവതരണങ്ങൾ ഏകോപിപ്പിച്ചതും മനോജ് ശ്രീനിലയമായിരുന്നു.

പരിപാടിക്ക് ഒരു പ്രത്യേക വൈകാരികത നൽകിയ മറ്റൊരു ഘടകം 2014-ലെ വിദ്യാരംഭവുമായി ബന്ധപ്പെട്ട ഓർമ്മകളായിരുന്നു. അന്ന് ചടങ്ങിന് കാർമികത്വം വഹിച്ചത് അന്തരിച്ച ഈശ്വരൻ നമ്പൂതിരിയായിരുന്നു. വർഷങ്ങൾക്കിപ്പുറം, അദ്ദേഹത്തിന്റെ മകൻ വിഷ്ണുകുമാർ നമ്പൂതിരി തന്നെ വിദ്യാരംഭ ചടങ്ങിന് നേതൃത്വം നൽകിയതോടെ ആത്മീയ പാരമ്പര്യത്തിന്റെ മനോഹരമായ തുടർച്ചയ്ക്കും ചടങ്ങ് സാക്ഷ്യം വഹിച്ചു.

പൂജകൾക്ക് ശേഷം പ്രസാദ വിതരണവും നടന്നു. ഉണ്ണിയപ്പവും പായസവും ഉൾപ്പെട്ട പ്രസാദം ഭക്തജനങ്ങൾ സ്വീകരിച്ചു. കുട്ടികൾ ആദ്യാക്ഷരങ്ങളുടെ മധുരസ്മരണകളുമായി മടങ്ങിയപ്പോൾ മാതാപിതാക്കൾക്ക് അത് വിദ്യാഭ്യാസം, വിശ്വാസം, സംസ്കാരം എന്നിവ ഒരുമിച്ചുചേർന്ന ഒരു അപൂർവ അനുഭവമായി.

വിദ്യാരംഭം ഒരു ആചാരം മാത്രമല്ല, അറിവിനോടുള്ള ആദരവും പാരമ്പര്യത്തോടുള്ള പ്രതിബദ്ധതയും പുതിയ തലമുറയിൽ നട്ടുവളർത്തുന്ന ഒരു സാംസ്കാരിക പ്രഖ്യാപനവുമാണെന്ന് പരിപാടി ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക വാഷിംഗ്ടൺ ഡി.സി. റീജിയന്റെ ഈ സംരംഭം, അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാംസ്കാരിക വേരുകളെ അടുത്ത തലമുറയുമായി ബന്ധിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു കൂട്ടായ്മയായി മാറി.





