ലണ്ടൻ : ഫുട്ബോൾ ലോകത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരമായ ‘ബാലൺ ഡി ഓർ’ ഇനി ഇംഗ്ലണ്ട് ക്യാപ്റ്റനും ബയേൺ മ്യൂണിക് സ്ട്രൈക്കറുമായ ഹാരി കെയ്ന് സ്വന്തം. ലണ്ടനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് 2026-ലെ മികച്ച ഫുട്ബോൾ താരമായി കെയ്‌നെ പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡിന്റെ കിലിയൻ എംബാപ്പെ, ബാഴ്‌സലോണയുടെ യുവവിസ്മയം ലാമിൻ യമാൽ എന്നിവരെ കടുത്ത പോരാട്ടത്തിൽ പിന്തള്ളിയാണ് കെയ്ൻ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്.
2001-ൽ മൈക്കൽ ഓവൻ ഈ പുരസ്കാരം നേടിയതിന് ശേഷം, ബാലൺ ഡി ഓർ സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന ചരിത്ര റെക്കോർഡും ഹാരി കെയ്ൻ ഇതോടെ തന്റെ പേരിൽ കുറിച്ചു.കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനായും ഇംഗ്ലണ്ട് ദേശീയ ടീമിനായും നടത്തിയ അവിശ്വസനീയമായ പ്രകടനമാണ് കെയ്‌നെ പുരസ്കാരത്തിന് അർഹനാക്കിയത്. കളിച്ച 65 മത്സരങ്ങളിൽ നിന്ന് 73 ഗോളുകളും 8 അസിസ്റ്റുകളുമാണ് താരം അടിച്ചുകൂട്ടിയത്.
ബയേൺ മ്യൂണിക്കിനെ ബുണ്ടസ് ലിഗ, ജർമൻ കപ്പ്, ജർമൻ സൂപ്പർ കപ്പ് കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ കെയ്ൻ നിർണായക പങ്ക് വഹിച്ചു. ലോകത്തിലെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓറിനൊപ്പം ആ വർഷത്തെ മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ ട്രോഫിയും കെയ്ൻ ഒരേ രാത്രിയിൽ സ്വന്തമാക്കി.
വനിതാ വിഭാഗത്തിൽ ബാഴ്‌സലോണയുടെ സ്പാനിഷ് മിഡ്ഫീൽഡർ അലെക്സിയ പുട്ടെല്ലാസ് കരിയറിലെ മൂന്നാം ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി. പുരുഷ വിഭാഗത്തിലെ മികച്ച ക്ലബ്ബായി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയും, വനിതാ വിഭാഗത്തിൽ ബാഴ്‌സലോണയും തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്കാര ചടങ്ങിൽ മുൻ ഫുട്ബോൾ താരങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. ഫുട്ബോൾ ലോകത്തെ തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ട്രോഫി ഏറ്റുവാങ്ങിക്കൊണ്ട് ഹാരി കെയ്ൻ പ്രതികരിച്ചു. “കരിയറിന്റെ തുടക്കത്തിലെ തന്റെ പ്രതിസന്ധികളെക്കുറിച്ച് ഓർത്തെടുത്ത ശേഷം, ചെറുപ്പക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നൽകിയ സന്ദേശത്തിൽ വൈകാരികനായി കേൻ പറഞ്ഞു: ‘ആരും കാണാനില്ലാത്തപ്പോഴും കഠിനാധ്വാനം ചെയ്യാനും, ജീവിതത്തിലെ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകാനും, പ്രതിരോധശേഷി, നിശ്ചയദാർഢ്യം, ആത്മവിശ്വാസം എന്നിവയിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കാനും തയ്യാറാണെങ്കിൽ എന്തും സാധ്യമാണ്. എന്റെ യാത്ര നേർരേഖയിലുള്ള ഒന്നായിരുന്നില്ല. നേരിട്ട് ഉന്നതങ്ങളിൽ എത്തിയ ഒരു കുട്ടിയായിരുന്നില്ല ഞാൻ. എനിക്ക് പരാജയങ്ങളും തകർച്ചകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇപ്പോൾ ഈ കാണുന്ന ഏറ്റവും മികച്ച നിലയിലേക്ക് ഉയരാൻ എനിക്ക് കഠിനമായി പോരാടേണ്ടി വന്നിട്ടുണ്ട്. ഇത് നിങ്ങൾക്കൊരു പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’

