മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ഷൈബ ലക്ഷ്യമിട്ടെത്തിയ 16 ഡ്രോണുകൾ തടയുകയും നശിപ്പിക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുലർച്ചെ നാല് ഘട്ടങ്ങളിലായാണ് ഡ്രോൺ ആക്രമണം ഉണ്ടായതെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഈ ഡ്രോണുകൾ എവിടെ നിന്നാണ് വന്നതെന്ന കാര്യത്തിൽ മന്ത്രാലയം കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല.സൗദിയിലെ വിജനമായ ‘എംപ്റ്റി ക്വാർട്ടർ’ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഷൈബ എണ്ണപ്പാടം സൗദി അരാംകോയുടെ കീഴിലുള്ളതാണ്. പ്രതിദിനം പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാൻ്റ്.നേരത്തെ, 2019-ൽ യെമനിലെ ഹൂതി വിമതർ ഷൈബ എണ്ണപ്പാടത്തിന് നേരെ വൻതോതിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അന്ന് ഗ്യാസ് പ്ലാൻ്റിൽ തീപിടുത്തം ഉണ്ടായെങ്കിലും എണ്ണ ഉത്പാദനത്തെ അത് ബാധിച്ചിരുന്നില്ല. ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകർത്തതിനാൽ എണ്ണപ്പാടത്തിന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ അരാംകോയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.ഷൈബയ്ക്ക് പുറമെ, റിയാദിന് തെക്കുകിഴക്കുള്ള പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ടെത്തിയ ഒരു ബാലിസ്റ്റിക് മിസൈലും ഒരു ക്രൂയിസ് മിസൈലും സൈന്യം തകർത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണ ശ്രമങ്ങൾ നടക്കുന്നുണ്ട്. കൂടാതെ റിയാദിന് കിഴക്ക് ഭാഗത്ത് മറ്റൊരു ഡ്രോണും വെടിവെച്ചിട്ടു.ഇറാനെതിരായ ഇസ്രായേൽ – യുഎസ് സൈനിക നീക്കങ്ങളെത്തുടർന്ന് മേഖലയിൽ സംഘർഷം കടുത്തിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ അനുകൂല സേനകൾ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ റാസ് തനൂറയ്ക്ക് നേരെയും ആക്രമണം ഉണ്ടാവുകയും സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി അവിടെ പ്രവർത്തനം താൽക്കാലികമായി നിർത്തുകയും ചെയ്തിരുന്നു.

