തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡിസംബര്‍ 24ന് രാജ്യവ്യാപകമായി ജില്ലാ കളക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് ബാബാസാഹേബ് അംബേദ്കര്‍ സമ്മാന് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
ഷായുടെ പരാമര്‍ശങ്ങള്‍ അംബേദ്കറെ ഇകഴ്ത്തുകയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷായുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധം കടുക്കുകയാണെങ്കിലും, ഷായോ പ്രധാനമന്ത്രിയോ ബിജെപിയോ ഖേദം പ്രകടിപ്പിച്ചിട്ടില്ല. പകരം, അവര്‍ പ്രകോപനപരമായി തങ്ങളുടെ നിലപാടുകളെ പ്രതിരോധിക്കുകയാണ്. അംബേദ്കറുടെ ചിത്രത്തിന് പകരം കോണ്‍ഗ്രസിനെ കളിയാക്കാന്‍ ജോര്‍ജ്ജ് സോറോസിന്റെ ചിത്രം വെച്ചതും ബിജെപിയെ തിരിഞ്ഞുകൊത്തുകയാണ്.
അതേസമയം, അംബേദ്കര്‍ വിവാദത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിഎസ്പിയും ഇന്ന് പ്രതിഷേധിക്കും.