വാഷിങ്ടൺ: വധശിക്ഷക്ക് വിധിക്കപ്പെട്ട 37 കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്ത് ജോ ബൈഡൻ. കുട്ടികളെ കൊലപ്പെടുത്തിയ 5 പേരുൾപ്പെടെയുള്ളവരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. ഇതിൽ പലരും കൂട്ടക്കൊല നടത്തിയ കുറ്റവാളികളാണ്. വധശിക്ഷക്ക് വിധിച്ച 40 പുരുഷന്മാരിൽ 37 പേരുടെ ശിക്ഷയാണ് പ്രസിഡൻ്റ് ജോ ബൈഡൻ തിങ്കളാഴ്ച ഇളവ് ചെയ്തത്.
കൊലപാതകങ്ങളെ അപലപിക്കുവെന്നും മാപ്പ് അർത്ഥമാക്കുന്നത് ഫെഡറൽ തലത്തിൽ വധശിക്ഷ നൽകുന്നത് സംബന്ധിച്ച് പുനരാലോചന വേണമെന്ന് തനിക്ക് കൂടുതൽ ബോധ്യമായതിനാലാണെന്നും ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.ഈ കൊലപാതകികളെ ഞാൻ അപലപിക്കുന്നു, അവരുടെ നിന്ദ്യമായ പ്രവൃത്തികൾക്ക് ഇരയായവരെ ഓർത്ത് ദുഃഖിക്കുന്നു, സങ്കൽപ്പിക്കാനാവാത്തതും പരിഹരിക്കാനാകാത്തതുമായ നഷ്ടം നേരിട്ട എല്ലാ കുടുംബങ്ങളുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും ബൈഡൻ പറഞ്ഞു.
എന്നാൽ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ, വൈസ് പ്രസിഡൻ്റ്, ഇപ്പോൾ പ്രസിഡൻ്റ് എന്ന നിലയിലുള്ള എൻ്റെ അനുഭവത്തിൽ ഫെഡറൽ തലത്തിൽ വധശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്ന് എന്നത്തേക്കാളും കൂടുതൽ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.