ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ നിർത്തിയിട്ടിരുന്ന സബ്‌വേ തീവണ്ടിയിൽ ഉറങ്ങുകയായിരുന്ന സ്ത്രീയെ തീവെച്ചുകൊന്നയാളെ പോലീസ് അറസ്റ്റുചെയ്തു. പ്രദേശികസമയം ഞായറാഴ്ച രാവിലെയാണ് ഇയാൾ സ്ത്രീയെ കൊന്നത്.ഉറങ്ങുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് ശാന്തനായി നടന്നുവന്ന പ്രതി ലൈറ്റർ ഉപയോഗിച്ച് വസ്ത്രത്തിനു തീകൊളുത്തുകയായിരുന്നുവെന്ന് ന്യൂയോർക്ക് സിറ്റി പോലീസ് കമ്മിഷണർ ജെസീക്ക ടിഷ് പറഞ്ഞു. സെക്കൻഡുകൾക്കുള്ളിൽ തീ പടർന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും സ്ത്രീയുടെ ജീവൻ രക്ഷിക്കാനായില്ല.
റെയിൽവേ സ്റ്റേഷനിലെ പോലീസിന്റെ ബോഡി ക്യാമറകളിൽനിന്ന് പ്രതിയുടെ ദൃശ്യം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചിത്രം പോലീസ് പ്രചരിപ്പിച്ചു. ഇതുകണ്ട് മൂന്ന് ഹൈസ്കൂൾ വിദ്യാർഥികൾ നൽകിയ വിവരമനുസരിച്ച് മാൻഹാട്ടൻ റെയിൽവേ സ്റ്റേഷനിൽനിന്നാണ് പ്രതിയ അറസ്റ്റുചെയ്തത്.
മരിച്ച സ്ത്രീ ആരെന്നോ പിടിയിലായ ആൾ ആരെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. 2018-ൽ ഗ്വാട്ടിമാലയിൽനിന്ന് യു.എസിലേക്കു കുടിേയറിയ ആളാണ് പ്രതിയെന്ന് മാത്രമാണ് പോലീസ് നൽകിയ വിവരം.