വാഷിങ്ടൺ: സിറിയയിലെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെടാതെ അകന്ന് നിൽക്കുമെന്ന് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ അമേരിക്കയുടെ സുഹൃത്തല്ലെന്നും അവർ പ്രതിസന്ധിയിലാണെന്ന് അറിയാമെന്നും ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിറിയയിലുള്ള ആയിരത്തോളം വരുന്ന യുഎസ് സൈനികരുടെ ഭാവിയെക്കുറിച്ച് ട്രംപ് അഭിപ്രായം പറഞ്ഞില്ല. രക്തരൂഷിത ആഭ്യന്തര കലാപം തുടരുന്ന സിറിയയിൽ തലസ്ഥാനമായ ഡമസ്കസ് വളഞ്ഞെന്ന് വിമതസേന അവകാശപ്പെട്ടിരുന്നു. മൂന്നു സുപ്രധാന നഗരങ്ങൾ വിമതസേന പിടിച്ചെടുത്തെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡമസ്കസിന്‍റെ സമീപത്തെ ഓരോ ഗ്രാമങ്ങളും നഗരങ്ങളും വിമതസേന പിടിച്ചെടുക്കുന്നതായാണ് യു.എസ് വക്താവിനെ ഉദ്ധരിച്ച് ബി.സി.സി റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഭരണസംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് വിമതസേന വ്യക്തമാക്കി. എന്നാൽ, തലസ്ഥാനമായ ഡമസ്കസിന് ചുറ്റും പ്രതിരോധ വലയം സൃഷ്ടിച്ചെന്നാണ് സർക്കാർ സേന അവകാശപ്പെടുന്നത്. എന്നാൽ, സർക്കാർ സൈന്യത്തിന്‍റെ സാന്നിധ്യം ഒരിടത്തും ദൃശ്യമല്ല.
നേരത്തെ സിറിയയിൽ നടക്കുന്ന പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്നാണ് റഷ്യയുടേയും തുർക്കിയയുടേയും ഇറാന്റേയും നിലപാടെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.