ന്യൂഡല്‍ഹി: ഇന്റലിജന്‍സ്, നിരീക്ഷണ ആവശ്യങ്ങള്‍ക്കായുള്ള ഡ്രോണ്‍ വികസിപ്പിച്ച് ഇന്ത്യന്‍ സൈന്യം. ഖര്‍ഗ എന്ന ഭാരം കുറഞ്ഞ ഈ കമികാസെ ഡ്രോണിന് അതിവേഗത്തില്‍ പറക്കാന്‍ കഴിയും. ജി.പി.എസ്. നാവിഗേഷന്‍ സംവിധാനം സജ്ജമാക്കിയ ഖര്‍ഗ കമികാസെയ്ക്ക് 700 ഗ്രാം സ്‌ഫോടകവസ്തുക്കള്‍ വഹിക്കാനും കഴിയും. ശത്രുരാജ്യങ്ങളുടെ വൈദ്യുതകാന്തിക സ്‌പെക്ട്രം ജാം ചെയ്യുന്ന നീക്കത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഡ്രോണിലുണ്ട്.
ചാവേര്‍ ഡ്രോണ്‍’ എന്നറിയപ്പെടുന്ന ഖര്‍ഗ കമികാസെയുടെ റെയ്ഞ്ച് ഒന്നര കിലോമീറ്ററാണ്. ആയിരം കിലോമീറ്റർ വരെ പറക്കാന്‍ ശേഷി നൽകുന്ന സ്വദേശി നിർമിത എഞ്ചിനുള്ള ചാവേർ റോബോട്ടുകൾ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നാഷണൽ എയ്റോസ്പേസ് ലബോറട്ടീസ് അവതരിപ്പിച്ചത്.ശത്രുതാവളങ്ങളെ വളരെയെളുപ്പം തകര്‍ക്കാന്‍ കഴിയുന്ന ഖര്‍ഗ കമികാസെയുടെ നിര്‍മ്മാണ ചിലവ് വെറും 30,000 രൂപ മാത്രമാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഉപയോഗിക്കപ്പെട്ട ഡ്രോണാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ശത്രുക്കളുടെ യുദ്ധവിമാനങ്ങളും കപ്പലുകളും തകര്‍ക്കാനായി ജാപ്പനീസ് വ്യോമസേന നടത്തിയ ചാവേര്‍ ദൗത്യമാണ് കമികാസെ എന്നറിയപ്പെടുന്നത്. ചാവേറുകളായ പൈലറ്റുമാര്‍ യുദ്ധവിമാനം ഇടിച്ചിറക്കി ലക്ഷ്യം തകര്‍ക്കുന്നതായിരുന്നു കമികാസെ ആക്രമണങ്ങള്‍.