തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൂരല്‍മല-മുണ്ടക്കൈ ദുരന്തം വിവാദമാക്കി മാറ്റാന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിവേദനം നല്‍കാന്‍ വൈകിയതുകൊണ്ടാണ് സഹായം നല്‍കാത്തത് എന്നാണ് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞത്. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ഇതില്‍ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് വിഷയത്തില്‍ ആദ്യമായല്ല അമിത് ഷാ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ അമിത് ഷാ മുന്‍പ് ശ്രമിച്ചിട്ടുണ്ട്.
കേന്ദ്രം ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേരളം എന്ത് ചെയ്തു എന്നുമാണ് അമിത് ഷാ ചോദിച്ചത്. എന്നാല്‍ അങ്ങനെ ഒരു മുന്നറിയിപ്പും കേരളത്തിന് ലഭിച്ചിരുന്നില്ല. മുന്‍പ് തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കിയതാണ്. അന്നത്തെ ആവര്‍ത്തനമായി വേണം പുതിയ പ്രസ്താവനയെ കാണാന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂലൈ മുപ്പതിന് പുലര്‍ച്ചെയാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടാകുന്നത്. ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ സന്ദര്‍ശനം നടത്തി. ഇതിന് പിന്നാലെ ഓഗസ്റ്റ് പതിനേഴിന് ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടവും എന്‍ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരളത്തിന് ആവശ്യപ്പെടാന്‍ കഴിയുന്ന തുകയും വെച്ച് കേന്ദ്രത്തിന് നിവേദനം നല്‍കി. പ്രതീക്ഷിക്കാവുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉള്‍പ്പെടുത്തി 1202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞിട്ട് നൂറ് ദിവസത്തിന് അധികമായി. മെമോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസമായി. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി. അതിന് ശേഷം ദുരന്തങ്ങളുണ്ടായ സംസ്ഥാനങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുക പോലും ചെയ്യാതെ കേന്ദ്രം സഹായം നല്‍കി. എന്നാല്‍ കേരളത്തിന് ധനസഹായമായി ഒരു രൂപ പോലും നല്‍കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.