പി . പി. ചെറിയാൻ
നോവർക് (ന്യൂജേഴ്‌സി) : നെവാർക്കിൽ അപകടത്തിൽപെട്ട കാറിന് തീപിടിച്ച് രണ്ട് ഫുട്ബോൾ പരിശീലകർ ഉൾപ്പെടെ യാത്രക്കാരായ 6 പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. റെയ്മണ്ട് ബൗളെവാർഡിലെ പുലാസ്‌കി ഹൈവേയിലെ റൂട്ട് 1-9 ഓവർപാസ് റാംപിലേക്ക് സഞ്ചരിക്കവെ കാർ തൂണിലിടിക്കുകയും ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിക്കുകയുമായിരുന്നു.
ഹഡ്‌സൺ കാത്തലിക് ഹെഡ് കോച്ച് ലാമർ മക്‌നൈറ്റ്, അസിസ്റ്റന്റ് കോച്ച് ബ്രാഡ് കണ്ണിങ്ഹാം എന്നിവരാണ് മരിച്ച ഫുട്ബോൾ പരിശീലകർ. മരിച്ച മറ്റ് യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിൽ ജേഴ്സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ് അനുശോചനം അറിയിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ വിശദമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.