ഹൈദരാബാദ്: പുഷ്പ 2 വിനെതിരെ പ്രകോപനപരമായ നിലപാടുമായി ക്ഷത്രിയ കര്‍ണി സേനാ നേതാവ് രാജ്പുത് ഷെഖാവത്ത്. ചിത്രത്തില്‍ ഷെഖാവത്ത് എന്നത് വില്ലന്റെ കുടുംബപേരായാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷത്രിയ കര്‍ണി സേന രംഗത്തെത്തിയിരിക്കുന്നത്. ഫഹദ് ഫാസിലാണ് പുഷ്പയുടെ രണ്ട് ഭാഗങ്ങളിലും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഷെഖാവത്ത് എന്ന വാക്ക് ചിത്രത്തില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചതില്‍ രജപുത്ര വിഭാഗക്കാര്‍ അസ്വസ്ഥരാണ്. ഇത് ക്ഷത്രിയ വിഭാഗത്തെ അപമാനിക്കാനുള്ള ശ്രമമാണ്. ചിത്രത്തില്‍ നിന്നും വാക്ക് നീക്കം ചെയ്യണമെന്നും ക്ഷത്രിയ വിഭാഗം നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷെഖാവത്ത് സമുദായക്കാരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
അഭിപ്രായ സ്വാതന്ത്രമെന്ന് പറഞ്ഞ് ക്ഷത്രിയ വിഭാഗത്തെ സിനിമാ മേഖല അപമാനിക്കുകയാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലുമെന്നും ക്ഷത്രിയ കര്‍ണി സേന ഭീഷണി മുഴക്കി.
അതേസമയം ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായി തുടരുകയാണ് പുഷ്പ 2. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പയുടെ രണ്ടാം ഭാഗം. പുഷ്പ 2 ഇതിനകം 600 കോടിയിലധികം രൂപ നേടി കഴിഞ്ഞു. 300 മുതല്‍ 400 കോടി വരെയാണ് ചിത്രത്തിന്റെ നിര്‍മാണത്തിനായി ചിലവായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്.പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ഈ ജൈത്രയാത്ര തുടര്‍ന്നാല്‍ സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.