ന്യൂയോർക്ക് : പ്രമുഖ റാപ്പർമാരായ ജയ് സീ (ഷോൺ കാർട്ടർ), ഷാൻ കോമ്പ്സ് (ഡിഡി) എന്നിവർക്ക് എതിരെ ഗുരുതര ബലാത്സംഗ ആരോപണം. 23 വർഷങ്ങൾക്ക് മുൻപ് ഇരുവരും ചേർന്നു പതിമൂന്നു വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണു പരാതി. ഒരു അവാർഡ് ദാന ചടങ്ങിനു ശേഷമുള്ള പാർട്ടിക്കിടെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ ആരോപണങ്ങളെ ജയ് സീ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും ജയ് സീ പറഞ്ഞു. ഷാൻ കോമ്പ്സിനെതിരെ ഒക്ടോബറിൽ ന്യൂയോർക്കിലാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. ഞായറാഴ്ച ജയ് സീയെയും കേസിൽ ഉൾപ്പെടുത്തുകയായിരുന്നു.
നടന്ന സംഭവത്തെക്കുറിച്ചു യുവതി പരാതിയിൽ വിശദീകരിക്കുന്നുണ്ട്. ‘‘നിരവധി പ്രശസ്‍തരുള്ള മുറിയിലെത്തി. അവർ കൊക്കെയ്നും മരിജുവാനയും ഉപയോഗിച്ചിരുന്നു. ഡ്രിങ്ക്സ് കഴിച്ചതിനു പിന്നാലെ തലകറക്കം അനുഭവപ്പെട്ടു. തുടർന്നു വിശ്രമിക്കവേ ഇരുവരും എത്തി പീഡിപ്പിക്കുകയായിരുന്നു.’’ – പരാതിയിൽ പറയുന്നു.പോപ്പ് താരം ബിയോണ്‍സ് ആണു ജയ് സീയുടെ പങ്കാളി. ആരോപണങ്ങള്‍ക്കു പിന്നാലെ താനും കുടുംബവും വലിയ വേദനയിലൂടെയാണു കടന്നുപോകുന്നതെന്നും ജയ് സീ പറഞ്ഞു.