ദുബായ്: അർബുദം ബാധിച്ച് നാവു മുറിക്കുകയും പിന്നീട് പക്ഷാഘാതം വന്ന് ആശുപത്രിയിൽ ചികിത്സയിലാവുകയും ചെയ്ത പ്രവാസി മലയാളിയെ നാട്ടിലേക്ക് കൊണ്ടുപോയി. തൃശൂർ കണ്ടശ്ശംകടവ് കൂട്ടാല കെ.പി. സർജിത് (55) ആണ് ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഉച്ചയ്ക്ക് 1.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക് മടങ്ങിയത്.
വായ്പ തിരിച്ചടക്കാത്തതിനാൽ ബാങ്ക് കേസ് ഫയൽ ചെയ്യുകയും ഇതേത്തുടർന്ന് യാത്രാ വിലക്കേർപ്പെടുത്തുകയും ചെയ്തതിനാൽ മടക്കം പ്രതിസന്ധിയിലായിരുന്നു. 107,450 ദിർഹമായിരുന്നു അടയ്ക്കാനുണ്ടായിരുന്നത്. ഇത് പിന്നീട് സുരേഷ് ഗോപി എംപി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും അധികൃതർ ബാങ്കുമായി ചർച്ച നടത്തി 30,000 ദിർഹമാക്കി കുറയ്ക്കുകയും ചെയ്തു. ഈ തുക അടയ്ക്കാൻ വഴിയില്ലാതെ വീണ്ടും പ്രതിസന്ധിയിലായപ്പോൾ പിന്നീട്, ഈ തുക 20,000 ദിർഹമാക്കി ബാങ്ക് കുറച്ചു. സർജിത് ജോലി ചെയ്തിരുന്ന കമ്പനി തന്നെയാണ് ഈ തുക അടച്ചത്.
ആരോഗ്യസ്ഥിതി മോശമാണെന്നതിനാൽ ബിസിനസ് ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്ന് ഡോക്ടർമാർ നിർദേശിച്ചതിനാൽ ഐസിഎഫ് യുഎഇ വെൽഫെയർ കമ്മിറ്റി 2 പേർക്കുള്ള ടിക്കറ്റ് നൽകി സഹായിച്ചതോടെയാണ് മടക്കയാത്രയ്ക്ക് വഴിതെളിഞ്ഞതെന്ന് ഇതിനായി സജീവമായി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകരായ എം.എസ്.ശ്രീജിത്, ജിൽസൺ എന്നിവർ മനോരമ ഓൺലൈനിനോട് പറഞ്ഞു. സർജിതിനെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് തൃശൂരിലേയ്ക്ക് കൊണ്ടുപോകാനുള്ള വാഹനസൗകര്യം ഒരുക്കിയതായും അറിയിച്ചു. സർജിത് രോഗബാധിതനാകുന്നതിന് മുൻപ്.
20 വർഷത്തോളം യുഎഇയിൽ ജോലി ചെയ്ത സർജിതിന് 2012 ലായിരുന്നു അർബുദം ബാധിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്‍റെ നാവ് പകുതി മുറിച്ചു മാറ്റേണ്ടി വന്നു. സംസാരം കുഴഞ്ഞുപോയെങ്കിലും ആരോഗ്യവാനായിരുന്നതിനാൽ കഴിഞ്ഞ 12 വർഷമായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നാലാഴ്ച മുൻപാണ് പക്ഷാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലതുഭാഗം തളരുകയും തലച്ചോറിൽ രക്തം കട്ട പിടിക്കുകയുമായിരുന്നു.
നാട്ടിൽ ഭാര്യയും 10–ാം ക്ലാസിൽ പഠിക്കുന്ന മകളും ആറിൽ പഠിക്കുന്ന മകനുമുള്ള സർജിത് വിവിധ ആവശ്യങ്ങൾക്കായി നേരത്തെ യുഎഇയിലെ ഒരു ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. ജോലി നഷ്‌ടപ്പെട്ടതിനാൽ തിരിച്ചടവിൽ വീഴ്ച വരികയും പലിശകൂടി അത് 107,450 ദിർഹം ആകുകയും ചെയ്തു. നാട്ടിലെ തുടർ ചികിത്സയ്ക്കും നിത്യച്ചെലവിനും എന്തു ചെയ്യുമെന്ന ആശങ്കയിലാണ് സർജിതിന്‍റെ കുടുംബം. സര്‍ജിതിന്‍റെ ബാങ്ക് അക്കൗണ്ട് ഡിറ്റെയിൽസ്:NAME- Sargith. K. PBANK- Dubai Islamic bankA/c No. 001520153708401IBAN – AE640240001520153708401