കൊച്ചി: സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം.
ജില്ലാ ഗവ.പ്ലീഡർ, സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിയമോപദേശം നൽകിയത്.
കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് നിയമോപദേശം. ഐക്യം തകർക്കാനും മതസ്പർധ വളർത്താനും വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നതിന് കേസെടുക്കാം എന്നാണ് ഗവ.പ്ലീഡർ അറിയിക്കുന്നത്.
ഫോൺ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു.
നേരത്തെ മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെ. ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടുവെന്നും സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്ന തരത്തിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.