റാഞ്ചി: കാവി പാർട്ടി മണിപ്പൂരിനെ കത്തിക്കുകയും രാജ്യത്തുടനീളമുള്ള ആളുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ചുവെന്നും ബി.ജെ.പിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ 90 ശതമാനം ജനങ്ങൾക്കും അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും കാവി പാർട്ടി ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ജാർഖണ്ഡിലെ ലോഹർദാഗയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
ബി.ജെപി മണിപ്പൂർ കത്തിക്കുകയും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഹിന്ദുക്കളെയും മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും പരസ്പരം അതിനു പ്രേരിപ്പിച്ചു. അടുത്തിടെ നടന്ന ഹരിയാന തിരഞ്ഞെടുപ്പിൽ ജാട്ടുകൾ അല്ലാത്തവർക്കെതിരെ ബി.ജെ.പി ജാട്ടുകളെ കുത്തിയിളക്കി.
‘ആദിവാസികൾക്കും ദലിതർക്കും വേണ്ടി ഞാൻ ശബ്ദമുയർത്തുമ്പോൾ ഇന്ത്യയെ വിഭജിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ഞാനിവിടെയുണ്ട്. ആദിവാസികളും ദലിതുകളും അടങ്ങുന്ന ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനം പേർക്കും വേണ്ടി ശബ്ദം ഉയർത്തിയത് തെറ്റാണെങ്കിൽ, ഒ.ബി.സികളുടെ ഭരണ പങ്കാളിത്തത്തിനായി ഞാനത് തുടരും -രാഹുൽ അവകാശപ്പെട്ടു.
25 മുതലാളിമാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പകൾ ബി.ജെ.പി എഴുതിത്തള്ളിയെന്നും എന്നാൽ, യു.പി.എ ഭരണകാലത്ത് കർഷകരുടെ 72,000 കോടി രൂപയുടെ കടം ലഘൂകരിക്കാൻ കോൺഗ്രസിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാർ ജാർഖണ്ഡിലെ കർഷകരുടെ ഏതെങ്കിലും വായ്പ എഴുതിത്തള്ളിയോ? മുതലാളിമാരുടെ കടങ്ങൾ തള്ളുന്നതിനിടയിൽ ബി.ജെ.പി നിങ്ങളുടെ കടങ്ങൾ ഒരിക്കലും എഴുതിത്തള്ളില്ല -അദ്ദേഹം ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം രാഹുലിന്റെ രണ്ടാം ജാർഖണ്ഡ് സന്ദർശനമാണിത്. നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ്. നവംബർ 23ന് വോട്ടെണ്ണലും നടക്കും.