മുംബൈ: വഖ്ഫ് അധിനിവേശത്തിന് മോദി സർക്കാർ അന്ത്യം കുറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാധാരണക്കാരന്റെ മണ്ണിൽ കൈവെക്കാൻ ആരെയും അനുവദിക്കില്ല. കോൺഗ്രസ്, നാഷണൽ കോൺഫറൻസ് പാർട്ടികളുടെ 4 തലമുറ ശ്രമിച്ചാലും കശ്മീരിൽ ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരാനാകില്ലെന്നും മഹാരാഷ്‌ട്രയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പറഞ്ഞു.
രാജ്യത്ത് വഖ്ഫ് അധിനിവേശം അവസാനിപ്പിക്കും. വിവിധ മേഖലകളിലെ ഭൂമിയിൽ വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ ജനങ്ങൾ ആശങ്കയിലാണ്. സാധാരണക്കാരന്റെ മണ്ണിൽ കൈവെക്കാൻ ആരെയും അനുവദിക്കില്ല, കാരണം കേന്ദ്രത്തിൽ മോദി സർക്കാരാണ് ഭരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഭൂമി നഷ്ടപ്പെടുമെന്ന ഭയം ജനങ്ങൾക്ക് വേണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കേരളത്തിൽ ഉൾപ്പടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വഖ്ഫ് അധിനിവേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. കശ്മീരിൽ ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരുമെന്ന് അവകാശവാദം ഉന്നയിക്കുന്ന എൻസിപി-കോൺഗ്രസ് മുന്നണിക്കും അമിത് ഷാ മറുപടി നൽകി. കോൺഗ്രസിന്റെയും എൻസിയുടെയും നാല് തലമുറകൾ ശ്രമിച്ചാലും ആർട്ടിക്കിൾ 370 ഇനി തിരിച്ചുകൊണ്ടുവരാൻ കഴിയില്ലെന്നും രാജ്യമല്ല, അധികാരമാണ് കോൺഗ്രസിന് വലുതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.