വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ ഡോണൾഡ് ട്രംപിന് ആദ്യ വെല്ലുവിളിയായി ഫെഡറല്‍ റിസർവ് ചെയർമാൻ സ്ഥാനം മാറുന്നു. പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടാലും ഫെഡറല്‍ റിസർവ് ചെയർമാൻ സ്ഥാനം രാജി വെക്കാൻ ഒരുക്കമല്ലെന്ന് ജെറോം പവല്‍ വ്യക്തമാക്കി.
ഫെഡറല്‍ റിസർവിന്റെ ദ്വിദിന നയ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ആണ് ജെറോം പവലിന്റെ മറുപടി. ട്രംപ് രാജി ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ല എന്ന് പവല്‍ ഉറപ്പിച്ച് പറഞ്ഞു. ആദ്യ ഭരണ കാലഘട്ടത്തില്‍ ഫെഡറല്‍ മേധാവിയെ പുറത്താക്കുന്ന നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താൻ ട്രംപ് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ട്രംപിന് മുതിർന്ന ഫെഡറല്‍ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനോ സ്ഥാനമാറ്റം നടത്താനോ അധികാരമില്ലെന്ന് പവല്‍ ആവർത്തിച്ച് പറഞ്ഞു. താൻ സേവനമനുഷ്ഠിക്കുന്ന സ്ഥാപനത്തെ സംരക്ഷിക്കുന്നതില്‍ ബാധ്യസ്ഥനെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
2017 നവംബറില്‍ യുഎസ് ഫെഡറല്‍ റിസർവിനെ നയിക്കാൻ ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ജെറോം പവലിനെ നിയമിച്ചത്. പിന്നീട് അഞ്ച് വർഷത്തിന് ശേഷം പ്രസിഡൻ്റ് ജോ ബൈഡൻ അദ്ദേഹത്തെ വീണ്ടും ആ സ്ഥാനത്തേക്ക് നിയമിച്ചു. ഇതേ തുടർന്ന് ട്രംപ് പവലിനെതിരെ ആരോപണങ്ങള്‍ നടത്താൻ തുടങ്ങി. 2026 വരെയാണ് പവലിന്റെ കാലാവധി. സെൻട്രല്‍ ബാങ്ക് ചെയർമാനെ പുറത്താക്കാൻ പ്രസിഡൻ്റിന് അധികാരമില്ലെന്ന് പല നിയമ വിദഗ്ധരും വാദിക്കുന്നു, ഇങ്ങനെ ചെയ്യുന്നത് നിയമപരമായുള്ള പോരാട്ടത്തിന് വഴിവെക്കുമെന്നും വിദഗ്ദർ പറയുന്നു.