മോസ്‌ക്കോ: നിയന്ത്രണങ്ങളില്ലാതെ ഇന്റർനെറ്റ് സേവനങ്ങള്‍ ആദ്യമായി ലഭിച്ചതിന് പിന്നാലെ റഷ്യയിലെത്തിയ ഉത്തരകൊറിയൻ സൈനികർ പോണ്‍ വീഡിയോകള്‍ക്ക് അടിമകളായെന്ന് റിപ്പോർട്ട്. യുക്രെയ്‌നെതിരായ പോരാട്ടത്തില്‍ പങ്കുചേരുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയയില്‍ നിന്നുള്ള സൈനികർ റഷ്യയിലെത്തിയത്. ഇവിടെയെത്തിയ സൈനികർക്ക് മുൻപൊരിക്കലും തടസ്സങ്ങളില്ലാതെ ഇന്റർനെറ്റ് സേവനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഇതോടെ സൈനികർ അശ്ലീല വീഡിയോകള്‍ക്ക് അടിമകളായി മാറിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബ്രിട്ടീഷ് ദിനപത്രമായ ഫിനാൻഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയില്‍ വിന്യസിച്ചിരിക്കുന്ന ഉത്തര കൊറിയൻ സൈനികർക്ക് മുമ്ബൊരിക്കലും നിയന്ത്രണങ്ങളില്ലാതെ ഇന്‍റർനെറ്റ് ലഭിച്ചിട്ടില്ല, ഇതിന്‍റെ ഫലമായി അവർ അശ്ലീലചിത്രങ്ങളില്‍ മുഴുകുകയാണെന്നാണ് വിശ്വസനീയമായ വൃത്തങ്ങള്‍ അറിയിക്കുന്നതെന്ന് ഫിനാൻഷ്യല്‍ ടൈംസിന്‍റെ വിദേശകാര്യ കമന്‍റേറ്റർ ഗിഡിയൻ റാച്ച്‌മാൻ പറഞ്ഞു.10,000ത്തോളം ഉത്തരകൊറിയൻ സൈനികരെയാണ് ഇത്തരത്തില്‍ ഇന്റർനെറ്റ് കീഴടക്കിയതെന്നും റാച്ച്‌മാൻ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും ഇന്റർനെറ്റ്-പോണുകളില്‍ അടിമകളായെന്നും അദ്ദേഹം പറയുന്നു.
ഉത്തരകൊറിയയില്‍ ഇന്റർനെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഉള്ളത്. എന്നാല്‍ റഷ്യയില്‍ എത്തിയപ്പോള്‍ അത്തരത്തില്‍ യാതൊരു നിയന്ത്രണങ്ങളും ഈ സൈനികർക്ക് മേല്‍ ഉണ്ടായിരുന്നില്ല. റഷ്യയില്‍ ഇത്തരത്തില്‍ ഇന്റർനെറ്റ് നിയന്ത്രണങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ സൈനികർക്കും അവർക്ക് ആവശ്യമായത് ആക്‌സസ് ചെയ്യാൻ സാധിക്കുകയായിരുന്നു.എന്നാല്‍, ഇക്കാര്യം തനിക്ക് സ്ഥിരീകരിക്കാനാവില്ലെന്നാണ് യു എസ് പ്രതിരോധ വകുപ്പ് വക്താവ് ആർമി ലഫ്റ്റനൻ്റ് കേണല്‍ ചാർലി ഡയറ്റ്‌സ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്.
പൊതുജനത്തിനും സൈനികർക്കുമടക്കം ഇന്‍റർനെറ്റ് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. അശ്ലീല ചിത്രങ്ങളുടെ നിർമാണം, വിതരണം, ഇറക്കുമതി, കൈവശം വെക്കല്‍ എന്നിവക്കെല്ലാം കർശന ശിക്ഷയാണ് ലഭിക്കുക.