വാഷിംഗ്ടൺ: കാത്തിരിപ്പിനൊടുവിൽ അമേരിക്ക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഗോദയിൽ വൈകിയെത്തിയിട്ടും അതിവേഗം മുന്നിലേക്ക് കയറിനിന്ന കമല ഹാരിസും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലെ കടുത്ത പോരാട്ടത്തിൽ ജയം ആർക്കൊപ്പമാകും? ഇരുപക്ഷത്തിനും സാധ്യത കൽപിക്കുന്ന അഭിപ്രായ സർവേകൾ പലതുണ്ടെന്നതിനാൽ ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളിലെ ഇലക്ടറൽ കോളജ് വോട്ടുകൾ ഫലം നിർണയിക്കുമെന്നുറപ്പ്. സർവേ ഫലങ്ങളിൽ അഭിപ്രായമറിയിക്കാത്ത വോട്ടർമാരുടെ തീരുമാനങ്ങളും തെരഞ്ഞെടുപ്പിൽ നിർണായകമാകും.
ന്യൂയോർക്ക് ടൈംസ്/സീന സർവേയിൽ അരിസോണ, ജോർജിയ, മിഷിഗൺ എന്നിവിടങ്ങളിൽ ട്രംപും നോർത്ത് കരോലൈന, നെവാദ, വിസ്‌കോൺസൻ എന്നിവിടങ്ങളിൽ കമലയും മുന്നിൽ നിൽക്കുന്നു. മൊത്തം വോട്ടർമാരിൽ 49 ശതമാനത്തിന്റെ പിന്തുണയുമായി കമല മുന്നിലാണെന്ന് ഫോർബ്‌സ് സർവേ പറയുന്നു. ട്രംപിനെ 48 ശതമാനവും തുണക്കുന്നു. എക്കണോമിസ്റ്റ്/യുഗോവ് സർവേയിൽ കമല അതേ ശതമാനം നിലനിർത്തുമ്പോൾ ട്രംപിനൊപ്പം 47 ശതമാനം പേരേയുള്ളൂ. വിവിധ വാഴ്‌സിറ്റികൾ ചേർന്ന് കോപറേറ്റീവ് ഇലക്ഷൻ സ്റ്റഡി എന്ന പേരിലെ സർവേയിൽ കമലക്ക് 51 ശതമാനത്തിന്റെ പിന്തുണയുണ്ട്. ട്രംപിന് 47 ശതമാനത്തിന്റെയും. റോയിട്ടേഴ്‌സ് സർവേയിൽ 44ഉം 43ഉമാണ് ശതമാനക്കണക്കുകൾ.
മോർണിങ് കൺസൾട്ട് സ്ഥാപനം നടത്തിയ അഭിപ്രായ സർവേയിലും മുന്നിൽ കമലതന്നെ. 50 ശതമാനം പേർ അവരെ തുണക്കുമ്പോൾ 47 ശതമാനം ആണ് ട്രംപിനൊപ്പമുള്ളത്. എ.ബി.സി/ഇപ്‌സോസ് പോളിൽ ഇത് 51 ശതമാനവും 47 ശതമാനവുമാണ്. ഇത്രയും സർവേകൾ കമലക്ക് മേൽക്കൈ പറയുമ്പോൾ ഇരുവരും തുല്യമാണെന്ന് പറയുന്ന സർവേകളുമുണ്ട്. സി.എൻ.എൻ/എസ്.എസ്.ആർ.എസ് നടത്തിയത് ഉദാഹരണം. എന്നാൽ, സി.എൻ.ബി.സി കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേയിൽ ട്രംപാണ് മുന്നിൽ.