പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം മുറുകെ പിടിച്ച് ഒളിമ്പിക്സിനെ ഇന്ത്യയിലെത്തിക്കാൻ നീക്കം ആരംഭിച്ച് രാജ്യം. 2036-ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും വേദിയാകാൻ താത്പ്പര്യമുണ്ടെന്ന് അറിയിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് കത്തയച്ചു. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനാണ് ഔദ്യോഗിക ബിഡ് സമർപ്പിച്ചത്.
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ രാജ്യത്തിന് താത്പ്പര്യമുണ്ടെന്നും അതിന് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ പറഞ്ഞിരുന്നു. അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റി സെഷനിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തീരുമാനം മൂന്നു വർഷത്തിനകം വ്യക്തമാക്കാമെന്നായിരുന്നു അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ മറുപടി.
2028-ൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് സമ്മർ ഒളിമ്പിക്സ് നടക്കുന്നത്. 2032-ൽ വേദിയാകുന്നത് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നുമാണ്. 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ നിരവധി രാജ്യങ്ങൾ താത്പ്പര്യമറിയിച്ചെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് പറഞ്ഞു. മെക്സിക്കോ,തുർക്കി, ദക്ഷിണ കൊറിയ ഇന്തോനേഷ്യ, തുർക്കി, പോളണ്ട്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് താത്പ്പര്യമറിയിച്ചവരുടെ പട്ടികയിലുള്ളത്.