തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാക്കി ഹമാസ് തടവിലാക്കിയ ബന്ദികളുടെ കുടുംബാംഗങ്ങൾ. നെതന്യാഹുവെന്നാൽ മരണമെന്നാണ് അർഥമാക്കുന്നതെന്ന് വിമർശിച്ചാണ് വലിയ പ്രതിഷേധം അരങ്ങേറിയത്. ബന്ദികളെ തിരിച്ചെത്തിക്കാൻ കഴിയാത്ത നെതന്യാഹു സർക്കാറിന്റെ നടപടിയിലാണ് പ്രതിഷേധം.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ നിസംഗതയിൽ വിമർശനവുമായി ഹമാസ് തടവിലാക്കിയ ബന്ദികളിൽ ഒരാളുടെ മാതാവായ ഇനാവ് സാൻഗുക്കർ രംഗത്തെത്തി. നെതന്യാഹുവിന്റെ നടപടി ജനങ്ങളോടുള്ള കുറ്റകൃത്യമാണ്. സിയോണിസത്തിനും ഇസ്രായേലിനും എതിരാണ് അദ്ദേഹത്തിന്റെ നടപടി. നെതന്യാഹുവെന്ന സുരക്ഷയല്ല, മരണമാണെന്നും അവർ വിമർശിച്ചു.
കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധസേനയുടെ ആസ്ഥാനത്തിന് മുന്നിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഹമാസ് ബന്ദികളാക്കിയവരിൽ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് നെത്യനാഹുവിനെതിരെ വീണ്ടും പ്രതിഷേധം ശക്തമായത്.
ഗസ്സയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായ്ർ ലാപിഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗസ്സയിൽ ഹമാസ് ബന്ദികളാക്കി വെച്ച ഇസ്രായേൽ പൗരൻമാരുടെ മോചനത്തിനായി പ്രത്യേക കരാറുണ്ടാക്കണമെന്നും ലാപിഡ് ആവശ്യപ്പെട്ടു.
‘കരാറുണ്ടാക്കുക, യുദ്ധം അവസാനിപ്പിക്കുക, രാജ്യം സുരക്ഷിതമാക്കുക.’-എന്നാണ് ലാപിഡ് എക്സിൽ കുറിച്ചത്. ഒക്ടോബർ ഏഴിനു തുടങ്ങിയ ആക്രമണത്തിൽ ഇസ്രായേൽ സൈന്യം 40,000ത്തിലേറെ ഫലസ്തീനികളെയാണ് കൊന്നൊടുക്കിയത്. ഇസ്രായേലിന്റെ ആക്രമണം 23 ലക്ഷം ആളുകളുടെ കിടപ്പാടം നഷ്ടമാക്കി. യുദ്ധഭൂമിയായ ഗസ്സയിൽ പട്ടിണിയും രോഗവും വ്യാപകമായി.