തെല്‍ അവിവ്: ഫിലാഡൽഫി ഇടനാഴി ഇസ്രായേൽ സൈനിക നിയന്ത്രണത്തിൽ തുടരുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പിടിവാശി വെടിനിർത്തൽ ചർച്ചക്ക് വീണ്ടും തിരിച്ചടിയായി. മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന് കരാർ യാഥാർഥ്യമാക്കാനുളള നീക്കം തുടരുമെന്ന് അമേരിക്ക അറിയിച്ചു.
ഫിലാഡൽഫി ഉൾപ്പെടെ മുഴുവൻ ഗസ്സയിൽനിന്നും പിൻവാങ്ങാൻ സൈനിക നേതൃത്വം തയ്യാറാണെങ്കിലും നെതന്യാഹു വഴങ്ങിയില്ല. ഇന്നലെ രാത്രി വിളിച്ചു ചേർത്ത സുരക്ഷാ സമിതി യോഗത്തിലും നെതന്യാഹു നിലപാട് ആവർത്തിച്ചു. അതേസമയം ഭാഗിക പിൻമാറ്റത്തിന് തയാറാണെന്ന് നെതന്യാഹു പ്രതികരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എത്രയും പെട്ടെന്ന് വെടിനിർത്തൽ നടപ്പാക്കി ബന്ദിമോചനത്തിന് വഴിയൊരുക്കണമെന്ന ലക്ഷ്യത്തോടെ യു.എസ് പ്രസിഡന്‍റ് ഇസ്രായേലിനു മേലുള്ള സമ്മർദം തുടരുകയാണ്. ഫിലാഡൽഫി ഇടനാഴിയിൽ ഇസ്രായേൽ സൈന്യത്തിനു പകരം സമാധാന സേനയെ നിയോഗിക്കുകയെന്ന പുതിയ നിർദേശം അമേരിക്ക മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രായേലിന്‍റെ മാത്രമല്ല, ഒരു വിദേശ സേനയെയും ഗസ്സയിൽ ഒരിടത്തും തുടരാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹമാസ്.