സ്‌കൂള്‍വിട്ടു വരുന്ന സുന്ദരിപാറുവിനെ തടഞ്ഞു നിര്‍ത്തി അവളുടെ കണ്ണില്‍ നോക്കി ഐ ലവ് യു എന്നു പറയാന്‍ കണ്ണപ്പന്‍ തിരഞ്ഞെടുത്തതും സ്വര്‍ണാഭരണ വിഭൂഷിതയായി എഴുന്നെള്ളുന്ന മാലതിയുടെ മാല കവരാന്‍ കള്ളന്‍ ഗോപാലന്‍ തിരഞ്ഞെടുത്തതും ബസില്‍ പെങ്ങളോടു തോന്ന്യാസം കാട്ടിയ രാജേഷിനിട്ടു രണ്ടു പെട കൊടുക്കാന്‍ ചന്ദമുക്കിലെ പിള്ളേരു തിരഞ്ഞെടുത്തതുമെല്ലാം ഇടവഴിയായിരുന്നു. അവിടെയൊരു സ്വകാര്യതയുണ്ടായിരുന്നു. ആരും കേള്‍ക്കാന്‍ കൊതിക്കുന്ന പ്രകൃതിയുടെ സംഗീതവും നിശബ്ദതയും അവിടെയുണ്ടായിരുന്നു. പക്ഷെ, നടന്നു നടന്നകന്നപ്പോള്‍ നമുക്കിന്ന് ആ നടവഴികളില്‍ പലതും ഇല്ലാതായി.
മണ്ണിന്റെ മണവും തണുപ്പും മാറാത്ത വഴികളായിരുന്നു അതൊക്കെ. മരങ്ങള്‍ ചേര്‍ന്നിരുന്നു ചുടുചുംബനങ്ങള്‍ പകരുമ്പോള്‍ തണല്‍ വിരിയ്ക്കുന്ന ഇടം. ഇടയ്ക്കു വാര്‍ദ്ധക്യം തളര്‍ത്തുമ്പോള്‍ ഇതളറ്റു വീഴുന്ന ഇലകള്‍ ആ വഴിയിലെ മണ്ണിലേക്ക് ചേര്‍ന്നലിയും. മണ്ണിനെ കൂടുതല്‍ കുളിരണിയ്ക്കാന്‍. വഴിയരികിലെ ചക്കയും മാങ്ങയുമൊക്കെ ചിലപ്പോള്‍ പടേ എന്നോ ‘ പൊത്തോ’ എന്നോ വീഴുന്നതും ഈ വഴിയില്‍ തന്നെ. ഗ്രാമീണതയുടെ ഗൃഹാതുരത ഉണര്‍ത്തുന്ന ഇടവഴികളുടെ ഏറ്റവും വലിയ സുഖം കയ്യാലകളോ വഴിയരികിലെ വേലികളോ ആണ്. അതില്‍ പടര്‍ന്നു പിടിക്കുന്ന വളളിചെടികള്‍, പൊത്തുകളില്‍ തലനീട്ടി കാറ്റുകൊണ്ടിരിക്കുന്ന മൂര്‍ഖന്‍ പാമ്പുകള്‍, പിന്നെ ആര്‍ക്കും ഒരു ഉപദ്രവും ഇല്ലാത്ത എത്രയോ കോടി പ്രാണികളും.
ഇടവഴിയില്‍ നിന്നു പ്രണയിക്കുന്നതിന്റെ സുഖമൊന്നും ഇന്നത്തെ വീഡിയോ ചാറ്റിങ്ങിനുണ്ടെന്നു തോന്നുന്നില്ല. ആരെങ്കിലും വരുമോ എന്ന ഭയം, ഇനി ആരെങ്കിലും വന്നാല്‍ ദൂരെ നിന്നു കാണാമെന്ന ആശ്വാസം. കളിയാക്കി അപ്പോഴായിരിക്കും അണ്ണാറക്കണ്ണന്റെ ഓട്ടം. ധൃതി പിടിച്ചോടുന്ന കാമുകിയെ പിടിച്ചൊന്നു നിര്‍ത്താന്‍ പെടാപാടുപെടുമ്പോഴാകും അവളെയും പ്രണയാര്‍ദ്രയാക്കി കുയിലമ്മ പെണ്ണിന്റെ പാട്ട് ഇടവഴികളെ പ്രണയവഴികളാക്കും.
അമ്മയോടൊന്നു പിണങ്ങി നേരെ ചെന്നു നില്‍ക്കുന്നതും ഇടവഴിയിലായിരിക്കും. വീടിന്റെ പടിയ്ക്കലങ്ങനെ നില്‍ക്കുമ്പോഴായിരിക്കും കുഞ്ഞേന്നും പറഞ്ഞുള്ള അമ്മയുടെ വിളി. പ്രശ്നം എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ സുന്ദരിപട്ടി കുണിങ്ങി വരും. അപ്പോഴേക്കും പേടിച്ച് അമ്മയുടെ മാറോടണിയും. കുരുത്തംകേട്ട പിള്ളേരു ആരും കാണാതെ ഒരു പുകവലിക്കാന്‍ ചെന്നെത്തുന്നതും ഇടവഴിയിലേക്കാകും. ആരും കാണുന്നില്ലന്ന ആശ്വാസത്തോടെ പുക മുകളിലേക്ക് വലിച്ചൂതുമ്പോഴാകും പൂവലിപശുവിന്റെ നീട്ടിയുള്ള കരച്ചില്‍.
ഒരുകാലത്ത രഹസ്യവും പരസ്യവും പ്രണയവും ജീവിതവുമൊക്കെ പെയ്തിറങ്ങിയ വഴികളാണിത്. നാടു വികസിച്ച് വികസിച്ച് വന്നപ്പോള്‍ നമുക്ക്് ഇടവഴികളും ഇല്ലാതെയായി. ജനകീയാസൂത്രണം വളര്‍ന്നതോടെ മണ്‍വഴികളിലേക്ക് പലരും നീട്ടിതുപ്പി. കോണ്‍ക്രീറ്റ് വഴികളും ടാര്‍ റോഡുകളുമില്ലാതെ മലയാളിക്ക് നടക്കാനെ വയ്യാത്ത അവസ്ഥയിലായി കാര്യങ്ങള്‍. വഴിയരികിലെ കയ്യാലകളും വേലികളും മതില്‍ പണിയാനായി പൊളിച്ചടുക്കി. മണ്‍വഴികളിലെ തണുപ്പില്‍ ചുവിട്ടിയവര്‍ക്കറിയാം ആ തണുപ്പും മറക്കാത്ത ഓര്‍മകളും.