നവംബർ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷം തികയുന്നു. 1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ട ഏകീകൃത കേരള സംസ്ഥാനത്തിന്റെ ജന്മദിനം കൂടിയാണ് ഓരോ കേരളപ്പിറവി ദിനവും. പതിവ് പോലെ വലിയ ആഘോഷങ്ങളോട് കൂടിയാണ് സംസ്ഥാനം കേരളപ്പിറവി ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.
ബ്രീട്ടീഷ് ഭരണത്തിന്‍റെ തുടക്കകാലം മുതൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ വെവ്വേറെ ഭരണസംവിധാനങ്ങളിലായിരുന്നു. തിരുവിതാംകൂറും കൊച്ചിയും രാജവാഴ്ചയിലും മലബാർ ബ്രിട്ടീഷ് മദ്രാസ് പ്രസിഡൻസിയുടെ ഭാഗവുമായിരുന്നു. എന്നാല്‍ സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള മലയാളം സംസാരിക്കുന്ന മലബാർ, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളെ ഒരൊറ്റ ഭരണഘടനാ ഘടകമായി ഐക്യമാക്കണമെന്ന ആശയം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മുന്നോട്ട് വച്ചു. 1928-ൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാ സമ്മേളനം ഐക്യകേരളത്തിനായി പ്രമേയം പാസാക്കുകയും ചെയ്തു.
അതിന് മുൻപ്, 1921-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളെ ഏകോപിപ്പിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) എന്ന പേരിൽ പുനർസംഘടിപ്പിച്ചതും ഐക്യകേരളത്തിന്റെ രൂപീകരണത്തിൽ നിർണ്ണായക ഘട്ടമായി. കെ.പി.സി.സി യുടെ ആദ്യ അഖിലകേരള രാഷ്ട്രീയ സമ്മേളനം 1921 ഏപ്രിൽ 23-ന് ഒറ്റപ്പാലത്ത് നടന്നു. ഐക്യകേരള ചിന്തയ്ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ശക്തമായ പിന്തുണ നൽകി. “കേരളം മലയാളിയുടെ മാതൃഭൂമി” എന്ന പേരിൽ ഇ.എം.എസ്. നംപൂതിരിപ്പാട് ഈ ആശയം വിശദീകരിച്ചുകൊണ്ട് ഒരു ഗ്രന്ഥവും രചിച്ചു.
കൊച്ചി, മലബാർ പ്രവിശ്യകളിൽ ഉയർന്ന് വന്ന ട്രേഡ് യൂണിയനുകളുടെ അഖില കേരള തൊഴിലാളി സമ്മേളനം 1935 ല്‍ കോഴിക്കോട് വെച്ച് നടത്തിയത് പി കൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഐക്യകേരള നീക്കങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂറും കൊച്ചിയും താൽക്കാലികമായി സ്വതന്ത്ര രാജ്യങ്ങളായി നിലനിന്നു. 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപപ്പെട്ടു. ടി.കെ. നാരായണ പിള്ള ആദ്യ മുഖ്യമന്ത്രിയായി. എന്നാൽ മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തുടർന്നു. ഇത് മലയാളികളിൽ അസംതൃപ്തി ഉണ്ടാക്കി.
1951-ൽ ആന്ധ്രപ്രദേശ് ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ടത് മലയാളികൾക്ക് പ്രചോദനമായി. 1953-ൽ തൃശ്ശൂരിൽ നടന്ന ഐക്യകേരള സമ്മേളനം ഭാഷാടിസ്ഥാനത്തിലുള്ള ഏക കേരളം എന്ന ആവശ്യം ഔപചാരികമാക്കി. കെ. കേളപ്പൻ, പട്ടം താണുപിള്ള, കെ.പി. മാധവൻ നായർ തുടങ്ങിയവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകി. 1954-ൽ കേന്ദ്രസർക്കാർ ഫസൽ അലി കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചു. 1956-ൽ സംസ്ഥാന പുനർനിർമാണ നിയമം പാർലമെന്റ് പാസാക്കി.
1956 നവംബർ 1-ന് തിരു-കൊച്ചി സംസ്ഥാനവും മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലകളും (കാസർകോട് ഉൾപ്പെടെ) ലയിച്ച് കേരളം ഔപചാരികമായി പിറവികൊണ്ടു. ഇ.എം.എസ്. നമ്പൂതിരിപ്പാട് ആദ്യ മുഖ്യമന്ത്രിയായി. ഇതോടെ മലയാള ഭാഷയും സംസ്കാരവും ഒരു ഭരണയൂണിറ്റിന് കീഴിൽ വന്നു. ഇന്ന് കേരളപ്പിറവി സാംസ്കാരികോത്സവമായി ആഘോഷിക്കപ്പെടുന്നു. ഭാഷാഐക്യത്തിന്റെയും സാമൂഹിക പുരോഗതിയുടെയും പ്രതീകമായി ഇത് നിലനിൽക്കുന്നു.
കേരളപ്പിറവി ദിനാശംസകൾ
കേരളപ്പിറവി ദിനാശംസകൾ! ഭാഷയുടെ ഐക്യത്തിൽ ജനിച്ച ദൈവത്തിന്റെ സ്വന്തം നാടിന് 69-ാം പിറന്നാൾ – പച്ചപ്പിന്റെ മണവും സ്നേഹത്തിന്റെ മമതയും നിറഞ്ഞ നാളുകൾ ആശംസിക്കുന്നു,
എല്ലാ വായനക്കാർക്കും മലയാളി ടൈംസിൻ്റെ കേരളപ്പിറവി ദിനാശംസകൾ
സ

