ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയതോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം നായകൻ ഒലി പോപ്പ്. ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ പോപ്പിന്റെ ഏഴാമത്തെ സെഞ്ച്വറിയാണിത്. രസകരമായ വസ്തുത ഒലി പോപ്പ് നേടിയ ഏഴ് സെഞ്ച്വറികളും ഏഴ് വ്യത്യസ്ത രാജ്യങ്ങൾക്കെതിരെയാണ് എന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു താരം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്.
2020ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പോപ്പ് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. പിന്നീട് ന്യുസിലൻഡ്, പാകിസ്താൻ, അയർലൻഡ്, ഇന്ത്യ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകൾക്കെതിരെയും പോപ്പ് സെഞ്ച്വറി നേടി. അയർലൻഡിനെതിരെ നേടിയ 205 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ. 2018ൽ ഇന്ത്യയ്ക്കെതിരെയാണ് പോപ്പിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ ഇംഗ്ലണ്ടിനായി 48 മത്സരങ്ങൾ കളിച്ച താരം 2700ലധികം റൺസ് നേടിക്കഴിഞ്ഞു.
ശ്രീലങ്കയ്ക്കെതിരെ ഇന്നലെ ആരംഭിച്ച മൂന്നാം ടെസ്റ്റിൽ 103 റൺസ് നേടിയ ഒലി പോപ്പ് ക്രീസിൽ തുടരുകയാണ്. ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ്. 44.1 ഓവർ മാത്രമാണ് ആദ്യ ദിനം മത്സരം നടന്നത്. 86 റൺസെടുത്ത് പുറത്തായ ബെൻ ഡക്കറ്റ് ഇംഗ്ലണ്ട് നിരയിലെ രണ്ടാമത്തെ ടോപ്സ്കോററായി.