ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിന്‍റെ പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ടീം ഒഫീഷ്യല്‍ പേജിലൂടെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. മുന്‍ കോച്ച് കുമാർ സംഗക്കാര ടീം ഡയറക്ടറായി തുടരും. കഴിഞ്ഞ ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്ന് ദ്രാവിഡ് പടിയിറങ്ങിയിരുന്നു. തുടർന്ന് ദ്രാവിഡിന്റെ പിൻഗാമിയായി ഗൗതം ഗംഭീർ കോച്ചിങ് റോളിൽ എത്തി.
വരാനിരിക്കുന്ന താരലേലത്തിൽ നിലനിർത്തേണ്ട താരങ്ങളെ സംബന്ധിച്ച് ദ്രാവിഡും രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസി ഉടമകളും പ്രാരംഭ ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍ റോയൽസ് നായകൻ സഞ്ജു സാംസണുമായി അണ്ടർ 19 തലംമുതൽ തന്നെ ദ്രാവിഡിന് പരിചയമുണ്ട്.
2012,13 സീസണുകളിൽ ആർ.ആർ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2014,15 സീസണുകളിൽ ടീം ഡയറക്ടറും മെന്ററുമായി പ്രവർത്തിച്ചു. 2016ൽ ഡൽഹി ഡയർ ഡെവിൾസിലേക്ക്(ഡൽഹി ക്യാപിറ്റൽ)മാറിയ ജാമി പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി ഹെഡ് കോച്ചായി ദേശീയ ക്രിക്കറ്റിന്റെ ഭാഗമാകുകയായിരുന്നു. 2021 മുതലാണ് ഇന്ത്യൻ ടീം പരിശീലക സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യൻ ടീം മുൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡിനെ അസി കോച്ചായി എത്തിക്കാനും രാജസ്ഥാൻ ശ്രമം നടത്തുന്നുണ്ട്.