പല്ലക്കലെ : ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ മോഹവുമായാണ് സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് രണ്ടില്‍ ശ്രീലങ്കയുമായി പാകിസ്താന്‍. ഈ മല്‍സരത്തില്‍ മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ അവര്‍ക്കു സെമിയിലെത്താം. എന്നാല്‍ പാക് പട തോല്‍ക്കുകയോ, വലിയ മാര്‍ജിനില്‍ ജയിക്കാതിരിക്കുകയോ ചെയ്താല്‍ ന്യൂസിലാന്‍ഡാവും സെമിയില്‍ കടക്കുക. പാകിസ്താന്‍ പുറത്താവുകയും ചെയ്യും.
കളിച്ച രണ്ടു മല്‍സരങ്ങളും തോറ്റു കഴിഞ്ഞ സംയുക്ത ആതിഥേയരും മുന്‍ ജേതാക്കളുമായ ശ്രീലങ്ക ഇതിനകം പുറത്തായിക്കഴിഞ്ഞതാണ്. അവര്‍ക്കു ഇനിയൊന്നും നഷ്ടപ്പെടാനില്ല. അതിനാല്‍ തന്നെ പാകിസ്താനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റ് അവസാനിപ്പിക്കാനായിരിക്കും ശ്രമം.
നേരത്തേ സൂപ്പര്‍ എട്ടില്‍ പാകിസ്താന്റെ ആദ്യ മല്‍സരം ന്യൂസിലാന്‍ഡിനെതിരേയായിരുന്നു. പക്ഷെ മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാനാവാതെ ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടു. നിര്‍ണായകമായ രണ്ടാമങ്കത്തില്‍ ഇംഗ്ലണ്ടിനോയു രണ്ടു വിക്കറ്റിനു തോറ്റതോടെ പാകിസ്താന്റെ സെമി സാധ്യതകളും തുലാസിലാവുകയായിരുന്നു.
അതേസമയം, സൂപ്പര്‍ എട്ടിലെ രണ്ടു മല്‍സരങ്ങളും തോറ്റതോടെയാണ് ശ്രീലങ്കയുടെ സെമി ഫൈനല്‍ മോഹങ്ങള്‍ തകര്‍ന്നത്. ബൗളിങ് നിര മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്റിങ് നിരയുടെ ഫ്‌ളോപ്പ് ഷോയാണ് ലങ്കയെ ചതിച്ചത്. സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോടു 51 റണ്‍സിനാണ് അവര്‍ കീഴടങ്ങിയത്. രണ്ടാമത്തെ കളിയില്‍ ന്യൂസിലാന്‍ഡ് 61 റണ്‍സിനും ലങ്കയെ കെട്ടുകെട്ടിക്കുകയായിരുന്നു.

